| Saturday, 15th June 2024, 6:03 pm

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം, മുസ്‌ലിങ്ങൾ പാകിസ്ഥാനികൾ: വിഷം തുപ്പി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളുരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ശക്തമായി എതിർക്കുന്നുവെന്നും അതിൽ പാർട്ടിയുടെ തീരുമാനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ബി.ജെ.പി എം.എൽ.സിയും മുതിർന്ന നേതാവുമായ സി.ടി രവി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രാപ്രദേശിൽ മുസ്‌ലിങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുമെന്ന് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സി.ടി രവി മറുപടി പറഞ്ഞത്.

‘മത സംവരണം അംബേദ്കറുടെ ചിന്തകൾക്ക് എതിരാണ്. എന്തുകൊണ്ടാണ് മതസംവരണത്തെ എതിർക്കുന്നതെന്ന് അദ്ദേഹം ഭരണഘടനാ സമിതിയുടെ ചർച്ചകളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാതി, സാമ്പത്തികാടിസ്ഥാനങ്ങൾ എന്നിവ നോക്കി നിങ്ങൾക്ക് സംവരണം നൽകാം എന്നാൽ ഭരണഘടനാ വിരുദ്ധമായതിനാൽ മതാടിസ്ഥാനത്തിലുള്ള സംവരണം നൽകാൻ പാടില്ല. ഞങ്ങൾ അതിനെതിരെ രൂക്ഷമായി പ്രതികരിക്കും. അതിനുവേണ്ടി കോടതിയിൽ പോകാനും ഞങ്ങൾ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപാൽ അഗർവാളിനെയും സി.ടി രവി വിമർശിച്ചു. പാകിസ്ഥാനികൾ എന്ന് വിളിച്ച് മുസ്‌ലിങ്ങളെ അധിക്ഷേപിച്ചതിനാലാണ് രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റതെന്ന് അഗർവാൾ പറഞ്ഞിരുന്നു.

‘കമ്മീഷണർ ഒരു മതവിഭാഗത്തിന്റെ പാവയായി മാറിയിരിക്കുന്നു. അദ്ദേഹത്തെപ്പോലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരത്തിൽ പെരുമാറാൻ പാടില്ല. നമ്മൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ മതവിഭാഗത്തിന്റെയോ അടിമകളാകാൻ പാടില്ല ,’ സി.ടി രവി പറഞ്ഞു.

അതേസമയം ബി.ജെ.പി പ്രവർത്തകർ മുസ്‌ലിങ്ങളെ പാകിസ്താനികളെന്ന് വിളിച്ച അധിക്ഷേപിച്ചത് ന്യായീകരിക്കുകയാണ് സി.ടി രവി ചെയ്തത്.

‘അവർ പാകിസ്ഥാനികളല്ലെങ്കിൽ പിന്നെന്തിനാണ് പ്രകോപിതരായത്? പാകിസ്ഥാനികളെ നമ്മുടെ നഗരത്തിൽ നിന്ന് പുറത്താക്കണം. അതിനായി സ്പീക്കർ യു.ടി ഖാദറും പൊലീസ് കമ്മീഷണറും പ്രവർത്തിക്കണം,’ ഒപ്പം പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ കാണാൻ ചെല്ലാത്തതിൽ ജില്ലാ മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെയും സ്പീക്കർ യു.ടി ഖാദറിനെയും അദ്ദേഹം വിമർശിച്ചു.

ആശുപത്രിയിൽ ഉണ്ടായിരുന്നത് പാകിസ്ഥാനികളായിരുന്നെങ്കിൽ അവർ കാണാൻ പോയിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയതോടെ കൊലപാതകങ്ങളും ആത്മഹത്യകളും ക്രമാതീതമായി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എൻ.സി.ആർ.ബി യുടെ റിപ്പോർട്ട് പ്രകാരം 500 കൊലപാതകങ്ങളും 700 കർഷക ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം തന്നെ ഈ അടുത്ത് സംഭവിച്ചതാണ്. അതായത് കോൺഗ്രസ് ഭരണത്തിൽ കയറിയതിന് പിന്നാലെയാണിത്തരം സംഭവങ്ങൾ നടക്കുന്നത്.

സംസ്ഥാനത്ത് ഐ.എസിന്റെയും മറ്റ്‌ ഭീകര സംഘടനകളുടെയും 50ൽ അധികം താവളങ്ങളുന്നെന്നും എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നുണ്ട്. അവരെ ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നവരായിട്ടല്ല മറിച്ച് പുറത്ത് നിന്നുള്ളവരായി കണക്കാക്കണം,’ സി.ടി രവി പറഞ്ഞു.

Content Highlight : BJP MLC CT Ravi criticizes TDP’s Muslim reservation policy, says quota is against Constitution

We use cookies to give you the best possible experience. Learn more