| Monday, 21st November 2022, 12:38 pm

ഡിസ്ട്രിബ്യൂട്ടേഴ്‌സ് എടുത്തില്ലേല്‍ ഒ.ടി.ടിയില്‍ വിടാം; ആമസോണ്‍ പ്രൈമിന്റെ ഓഫീസ് കൊച്ചിയില്‍ ഒന്നെങ്കിലും കാണും; പൊട്ടിപ്പൊളിഞ്ഞ ആദ്യ സിനിമാ സ്വപ്നത്തെ കുറിച്ച് ചൂരല്‍ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജസ്റ്റിസ് ഫോര്‍ പശൂമ്പ, ഒട്ടകപക്ഷി, മലര്‍ന്നു വീണ പാറ്റ ഇങ്ങനെ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ പ്രത്യേകിച്ച് മൃഗങ്ങളിലൂടെ കോമഡികള്‍ പറഞ്ഞ് മലയാളികളെ തലകുത്തി ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് ‘ദി ചൂരല്‍’. ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറിക്കഴിഞ്ഞ ചൂരലിന്റെ സാരഥികള്‍ ഷമീര്‍ ഖാനും ജാസിം ഷാഹിമുമാണ്.

എഫ്.ടി.ക്യൂ വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ ചൂരലിനെ കുറിച്ചും തങ്ങളുടെ ആദ്യ സ്വപ്‌നമായ സിനിമാ മോഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷമീറും ജാസിമും.

സിനിമയെന്ന മോഹവുമായി കുറേ നാള്‍ നടന്നെന്നും പല സംവിധായകരേയും പോയി കണ്ടെന്നുമാണ് ഇരുവരും പറയുന്നത്. പിന്നെ അത്ര നല്ലൊരു സക്രിപ്റ്റ് ആയിരുന്നില്ല അതെന്നും സിനിമ കരയ്ക്കടുക്കില്ലെന്ന തോന്നിയതോടെയാണ് റീല്‍സുകളിലേക്കും ചൂരലിലേക്കും തങ്ങള്‍ എത്തിയതെന്നും ഇരുവരും പറയുന്നു.

‘ഗള്‍ഫിലെ ജോലി കളഞ്ഞാണ് ഷമീര്‍ നാട്ടിലെത്തുന്നത്. ചെറിയ വീഡിയോസൊക്കെയാണ് ആദ്യം ചെയ്തത്. ആ സമയത്ത് യൂ ട്യൂബ് ചാനലൊക്കെ തുടങ്ങുന്നേയുള്ളൂ. 2017ല്‍ ഞങ്ങളും യൂട്യൂബ് ചാനല്‍ തുടങ്ങി. രണ്ട് മൂന്ന് വീഡിയോസ് ഇട്ടു. പിന്നെ ആശാന് കോണ്‍ഫിഡന്‍സ് കൂടി. നമ്മള്‍ ഇങ്ങനെ വീഡിയോസുമായി നടന്നാല്‍ പോര, സിനിമയാണ് സ്വപ്‌നമെന്ന് ഷമീര്‍ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതി. സിനിമയ്ക്ക് പേരൊന്നും ഇട്ടിട്ടില്ല. ആറുമാസം ഇരുന്ന് ഞങ്ങള്‍ സ്‌ക്രിപ്റ്റ് എഴുതി. ആ സ്‌ക്രിപ്റ്റും കൊണ്ട് ഞങ്ങള്‍ കുറേ നടന്നു. ജൂഡ് ആന്തണി ജോസഫിനേയും ശ്രീനാഥ് ഭാസിയേയുമൊക്കെ പോയി കണ്ടിരുന്നു. പിന്നെ ആ സ്‌ക്രിപ്റ്റും മോശമായിരുന്നു (ചിരി).

അങ്ങനെ ഒന്നും ശരിയായില്ല. എന്നാല്‍ പിന്നെ സീരിയല്‍ നോക്കാമെന്ന് പറഞ്ഞ് ഉപ്പും മുളകിനും ഷമീര്‍ സ്‌ക്രിപ്റ്റ് എഴുതി. അവിടുന്ന് പിന്നെ വേറെ ഐഡിയ ആയി. നമ്മള്‍ ഈ സ്‌ക്രിപ്റ്റും കൊണ്ട് ആളുകളുടെ പിറകെ നടന്നിട്ട് കാര്യമില്ല, നമുക്ക് ഇതങ്ങ് സിനിമയാക്കിയാലോ എന്ന് ആലോചിച്ചു. ഓവര്‍ കോണ്‍ഫിഡന്‍സിന്റെ ഒരു പ്രശ്‌നമാണ് (ചിരി), ജാസിം പറഞ്ഞു.

നമുക്ക് തന്നെ ഷൂട്ട് ചെയ്യാമെന്നും നമ്മള്‍ ഷൂട്ട് ചെയ്ത് സിനിമയാക്കി ഏതെങ്കിലും ഡിസ്ട്രിബ്യൂട്ടേഴ്‌സിന് കൊടുക്കാമെന്നും തീരുമാനിച്ചു. എന്റെ വാപ്പച്ചി ഉണ്ടാക്കി വെച്ച പൈസയ്ക്കാണ് ഇതൊക്കെ. അതില്‍ നിന്നും കുറച്ചൊക്കെ ചിലവാക്കി. ഷൂട്ട് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ പരിപാടി നടക്കില്ലെന്ന് മനസിലായി, ഷമീര്‍ പറയുന്നു.

ഷമീര്‍ സംവിധാനം ചെയ്ത് ഞാനും ഷമീറിന്റെ കുറച്ച് സുഹൃത്തുക്കളുമൊക്കെയായിരുന്നു അഭിനയിച്ചത്. പത്ത് പേരുള്ള യൂണിറ്റായിരുന്നു. 2018ലായിരുന്നു സംഭവം. അന്ന് ഷമീര്‍ എന്നോട് പറഞ്ഞു, ഇനി അഥവാ ഇത് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എടുത്തില്ലേല്‍ നമുക്ക് ഒ.ടി.ടിയില്‍ വിടാമെന്ന് (ചിരി). 2018 ലാണെന്ന് ഓര്‍ക്കണം. ദീര്‍ഘവീക്ഷണമാണ്.

ആമസോണ്‍ പ്രൈമില്‍ കൊടുക്കാമെന്ന് പറഞ്ഞു. ആമസോണിലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതെ അവരുടെ ഓഫീസ് കൊച്ചിയില്‍ ഒരെണ്ണം എന്തായാലും കാണുമെന്നായിരുന്നു ഇവന്റെ മറുപടി. ഇല്ലെങ്കില്‍ വരുമെന്ന് പറഞ്ഞു(ചിരി). അപ്പോഴേക്കും കൊവിഡ് വന്നു, ജാസിം പറഞ്ഞു.

സിനിമ സ്വപ്‌നം പൊലിഞ്ഞതോടെ താന്‍ ഡിപ്രസ്ഡായെന്നും വീണ്ടും ഗള്‍ഫിലേക്ക് തന്നെ തിരിച്ചുപോയെന്നും ഷമീര്‍ പറയുന്നു. അവിടെ ജോലി നോക്കുമ്പോള്‍ ഉപ്പും മുളകിന്റേയും ഡയറക്ടര്‍ വീണ്ടും വിളിച്ചു. അങ്ങനെയാണ് തിരിച്ചുവരുന്നത്. അതിന് ശേഷമാണ് തങ്ങള്‍ ചൂരല്‍ തുടങ്ങുന്നതെന്നും ഷമീര്‍ പറയുന്നു.

Content Highlight: Content Creators The Chooral Team about his First Movie Attempt

We use cookies to give you the best possible experience. Learn more