ആളുകള്‍ ടിക് ടോക്കില്‍ വീഡിയോകളിടുന്നത് കണ്ട് ഒരു രസത്തിന് കുറച്ചു വീഡിയോകളിട്ടു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകളിട്ടു തുടങ്ങി. അതുവഴി ഇന്ന് റീല്‍സ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആളായി മാറിയ വ്യക്തിയാണ് സൗമ്യ മാവേലിക്കര. ഇന്‍സ്റ്റഗ്രാമില്‍ നാലരലക്ഷം ഫോളോവേഴ്സുള്ള സൗമ്യ ഒരു റീല് കാരണം തന്റെ അഭിനയജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
‘വിവാഹശേഷം കുട്ടികളും വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന സമയം. ആളുകള്‍ ടിക് ടോക്കില്‍ ചറപറ വീഡിയോകളിടുന്നത് കണ്ട് ഒരു രസത്തിന് ഞാനും കുറച്ചു വീഡിയോകള്‍ ചെയ്തു. ഒരുപാട് പേര്‍ കണ്ട് അഭിനന്ദിച്ചു. അങ്ങനെ അഭിനയമോഹം പതിയെ പച്ചപിടിപ്പിച്ച് വന്നപ്പോഴേക്കും ദേ ടിക് ടോക് പൂട്ടി. അതോടെ പുതിയ മേച്ചില്‍പ്പുറം ഇന്‍സ്റ്റഗ്രാമായി.’ – ടിക് ടോക്കില്‍ നിന്ന് റീല്‍സില്‍ എത്തിയതിനെ കുറിച്ച് സൗമ്യ പറയുന്നു.
ആദ്യമിട്ട റീലുകള്‍ കാണാന്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ ഉണ്ടായിരുന്നില്ല. ഫോളോവേഴ്സ് ആയി നൂറില്‍ താഴെ ആളുകളും. എങ്കിലും സൗമ്യ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ ഇടുന്നത് തുടര്‍ന്നു.
‘മനസ്സില്‍ കണക്കുകൂട്ടിയ അത്ര ആളുകളൊന്നും വീഡിയോ കാണാന്‍ വന്നിരുന്നില്ല. ആയിടയ്ക്കാണ് ‘കരിങ്കാളിയല്ലേ…’ എന്ന പാട്ടിന് ഞാന്‍ ചെയ്ത റീല്‍ ഇന്‍സ്റ്റയില്‍ അയ്യായിരത്തോളം പേര്‍ കാണുന്നത്. ആളുകള്‍ക്കിഷ്ടപ്പെടുന്ന എന്തോ എന്നിലുണ്ടെന്ന് അപ്പോഴാണ് തോന്നിയത്.’, സൗമ്യ പറയുന്നു.