കള്ള വോട്ട് ചെയ്തത് യു.ഡി.എഫ്, പരാതി നല്‍കി; തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു: കോടിയേരി ബാലകൃഷ്ണന്‍
Kerala News
കള്ള വോട്ട് ചെയ്തത് യു.ഡി.എഫ്, പരാതി നല്‍കി; തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 7:15 pm

കണ്ണൂര്‍: തൃക്കാക്കരയില്‍ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്‌തെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കരയിലെ മികച്ച പോളിംഗ് എല്‍.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കള്ള വോട്ട് ചെയ്തത് യു.ഡി.എഫാണ്. വ്യാജ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

എല്‍.ഡി.എഫ് പ്രതീക്ഷിച്ച വോട്ടൊക്കെ ചെയ്യിപ്പിക്കാനായിട്ടുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. വികസനത്തിനൊരു വോട്ട് എന്ന എല്‍.ഡി.എഫ് മുദ്രാവാക്യം വോട്ടര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്,’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ പോളിംഗ് സമയം അവസാനിച്ചു. മുന്നണികള്‍ക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നല്‍കുന്ന പോളിംഗ് ശതമാനത്തില്‍ ഇനി കണക്കുകൂട്ടലിന്റെ സമയമാണ്. മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിംഗാണ് തൃക്കാക്കരയില്‍ നടന്നത്. കൊച്ചി കോര്‍പറേഷന് കീഴിലെ വാര്‍ഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതല്‍ മികച്ച പോളിംഗ് നടന്നു.

ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിംഗ് പെട്ടെന്ന് മന്ദഗതിയിലായത് പോളിംഗ് ശതമാനത്തെ നേരിയ തോതില്‍ ബാധിച്ചു. എങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. പ്രശ്‌നങ്ങളില്ലാതെയാണ് തൃക്കാക്കരയില്‍ പോളിംഗ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയില്‍ പൊലീസ് പിടികൂടിയതൊഴിച്ചാല്‍ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിങിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല.