| Friday, 17th January 2025, 5:30 pm

അവഹേളന പരാമർശം; വിനു .വി. ജോണിനോട് ഹാജരാകാൻ യുവജന കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രഈലിനെതിരെ അവഹേളന പരാമർശം നടത്തിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് അവതാരകൻ വിനു .വി. ജോണിനോട് നേരിട്ട് ഹാജരാകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രഈലിൽ നൽകിയ പരാതിയിന്മേലാണ് നടപടി.

കോഴിക്കോട് നടന്ന സിറ്റിങ്ങിൽ വിനുവിന് പകരം വക്കീലായിരുന്നു ഹാജരായത്. ഇതോടെ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ വിനുവിനോട് നേരിട്ട് ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രഈലിനെതിരെയും നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ യുവജന കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

അർജുൻ്റെ കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്‌ത് മാറ്റിയാണ് വ്യാജപ്രചരണം നടത്തിയത്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. വാക്കുകൾ എഡിറ്റ് ചെയ്‌ത്‌  മാറ്റി ദുർവ്യാഖ്യാനത്തോടെ പ്രചരിപ്പിക്കുന്നതിനെതിരെ കോഴിക്കോട് സൈബർ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.

രഞ്ജിത്ത് ഇസ്രയേലിനെതിരെ സൈബർ ആക്രമണം നടത്തുന്ന ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു

Content Highlight: Contemptuous reference; Youth Commission to appear in Vinu v John

Latest Stories

We use cookies to give you the best possible experience. Learn more