കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ വി ഫോര്‍ കൊച്ചി പ്രസിഡന്റ് നിപുണ്‍ ചെറിയാന് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് രാവിലെ വിധിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ ശിക്ഷ വിധിച്ചത്.
ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി. ഹൈക്കോടതി ജഡ്ജിയായിരുന്ന എന്‍. നഗരേശിനെതിരെ നിപുണ്‍ ചെറിയാന്‍ ഉന്നയിച്ച അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ക്രിമിനല്‍കോടതയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന നിപുണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുണ്‍ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
വിദ്യാഭ്യാസമുള്ളവര്‍ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയില്‍ പോകാമെന്നും കോടതി പറഞ്ഞു.
2022 ഒക്ടോബര്‍ അഞ്ചിന് ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ജഡ്ജിക്കെതിരായ അഴിമതി ആരോപണം നിപുണ്‍ ചെറിയാന്‍ ഉന്നയിക്കുന്നത്. ഈ ആരോപണം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. വി ഫോര്‍ കൊച്ചിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തിരുന്നത്.