ന്യൂദല്‍ഹി: കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച വിധി പുഃനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 2017 ലെ കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് മല്യ സുപ്രീംകോടതിയെ സമീപിച്ചത്.
ആസ്തികളുടെ മുഴുവന്‍ വിവരങ്ങളും സത്യസന്ധമായി വെളിപ്പെടുത്താതെ കോടതി ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്
2017 മെയ് മാസത്തില്‍ സുപ്രീം കോടതി വിജയ് മല്യയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പണം പിന്‍വലിക്കരുതെന്ന് ഉത്തരവുണ്ടായിട്ടും കോടതി ഉത്തരവ് ലംഘിച്ച് മല്യ 40 മില്യണ്‍ ഡോളര്‍ അക്കൗണ്ടില്‍ നിന്ന് വകമാറ്റിയിരുന്നെന്നും ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട താണ് വിജയ് മല്യ. മല്യക്കെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.
2017 ഏപ്രില്‍ 18 നാണ് മല്യ ഇംഗ്ലണ്ടില്‍ അറസ്റ്റിലായത്. അതിനുശേഷം മല്യ ജാമ്യത്തിലാണ്. മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു.