| Friday, 23rd November 2018, 1:58 pm

ശബരിമല തന്ത്രിക്കും ശ്രീധരന്‍ പിള്ളയ്ക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

പിള്ളയെക്കൂടാതെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.

Read Also : ഞങ്ങള്‍ക്കിത് ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി; ധൈര്യമുണ്ടെങ്കില്‍ കോടിയേരി സംവാദത്തിന് സ്ഥലം നിശ്ചയിക്കട്ടെ; വെല്ലുവിളിച്ച് ശ്രീധരന്‍പിള്ള

വിധി നടപ്പാക്കാതിരിക്കാനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു, ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു എന്നിവയെല്ലാമാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെയുള്ള ആരോപണങ്ങള്‍. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താനെതിരെയുള്ള ഹരജി.

കൊല്ലം തുളസിക്കെതിരെ സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിനാണ് കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം യുവതികള്‍ കയറിയാല്‍ നടയടയ്ക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകയായ ഗീനകുമാരി, എവി വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. അനുമതി നിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more