കൊച്ചി: സി.പി.ഐ.എം പാളയം ഏരിയ സമ്മേളനത്തിനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സി.പി.ഐ.എം ഏരിയ സമ്മേളനം നടത്തിയതിനെതിരെയാണ് ഹരജി.
മരട് സ്വദേശിയാണ് സി.പി.ഐ.എമ്മിനെതിരെ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്. പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹരജി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ഡി.ജി.പിയെയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും സി.പി.ഐ.എമ്മിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തത്.
കണ്ടാലറിയുന്ന 500 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. അനധികൃതമായി സംഘംചേരല്‍, ഗതാഗതം തടസപ്പെടുത്തല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു സി.പി.ഐ.എം പാളയം ഏരിയ സെക്രട്ടറി പി. ബാബു നല്‍കിയ വിശദീകരണം. മറ്റ് റോഡുകള്‍ ഉള്ളതുകൊണ്ട് ഗതാഗത സ്തംഭനം ഇല്ലെന്നാണ് പരിപാടിക്കിടെ നേതാക്കള്‍ പ്രതികരിച്ചത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അടഞ്ഞു കിടന്ന റോഡിലാണ് വേദി. പ്രകടനത്തിന് വേണ്ടി മാത്രമാണ് റോഡ് തുറന്നതെന്നും പി. ബാബു പറഞ്ഞിരുന്നു.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് മുമ്പിലും ജില്ലാ കോടതിക്ക് സമീപത്തുമായാണ് സി.പി.ഐ.എം പൊതുസമ്മേളനത്തിനായി സ്റ്റേജ് കെട്ടിയത്. തുടര്‍ന്ന് നടന്ന സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു ഉദ്ഘാടനം ചെയ്തത്.
Content Highlight: Contempt of court petition filed in High Court against CPIM palayam area sammelanam