| Saturday, 18th February 2023, 5:23 pm

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ്; കെ.എം. ഷാജഹാന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ കെ.എം.ഷാജഹാന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജഡ്ജിക്കെതിരെ പ്രതിപക്ഷം എന്ന യൂട്യൂബ് ചാനല്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്. മാര്‍ച്ച് 13ന് നേരിട്ട് ഹാജരാകണം എന്നാണ് ഉത്തരവ്.

ജസ്റ്റിസ് അനില്‍.കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. യൂട്യൂബ് ചാനലിലൂടെ ജഡ്ജിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെന്നാരോപിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ജഡ്ജിമാര്‍ക്ക് നല്‍കാന്‍ എന്ന വ്യാജേന കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നടന്നുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പണം സൈബി ജഡ്ജിമാര്‍ക്ക് നല്‍കിയെന്ന ഗുരുതര ആരോപണമാണ് ഷാജഹാന്‍ ഉന്നയിച്ചത്. ഈ സംഭവത്തില്‍ ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഷാജഹാന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി 8ന് കോടതിയലക്ഷ്യ നിയമം 1971ലെ ഭാഗം 8എ പ്രകാരം അഡ്വക്കേറ്റ് ജനറല്‍ കേസ് കൊടുക്കുകയായിരുന്നു.

ഈ ആരോപണം ജുഡീഷ്യറിയെ അവഹേളിക്കുന്നതും അപകീര്‍ത്തീകരവുമാണ് എന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ കേസ്.

‘ പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാന്‍ മൂന്ന് ജഡ്ജിമാരെ അവഹേളിക്കാന്‍ ശ്രമിച്ചുവെന്ന് കോടതിക്ക് മനസ്സിലായി. അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അതില്‍ ജഡ്ജിമാര്‍ക്ക് പങ്കുണ്ടെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഷാജഹാന്‍ നടത്തിയത്. ഇത് കോടതിക്ക് മനസ്സിലായെന്നും 1971ലെ കോടതിയലക്ഷ്യ നിയമം പ്രകാരം അദ്ദേഹം കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് സൈബി ജോസിന്റെ കിടങ്ങൂരിലെ വീട്ടില്‍ നിന്ന് നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സൈബി ഹാജരാകണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

എന്നാല്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണമെന്നും സൈബി പരാതിപ്പെട്ടു.

content highlight: Contempt of Court case against High Court Judges; K.M. High Court wants Shah Jahan to appear in person

We use cookies to give you the best possible experience. Learn more