കൊച്ചി: കോടതിയലക്ഷ്യ കേസില്‍ കെ.എം.ഷാജഹാന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജഡ്ജിക്കെതിരെ പ്രതിപക്ഷം എന്ന യൂട്യൂബ് ചാനല്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്. മാര്‍ച്ച് 13ന് നേരിട്ട് ഹാജരാകണം എന്നാണ് ഉത്തരവ്.
ജസ്റ്റിസ് അനില്‍.കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. യൂട്യൂബ് ചാനലിലൂടെ ജഡ്ജിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെന്നാരോപിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ജഡ്ജിമാര്‍ക്ക് നല്‍കാന്‍ എന്ന വ്യാജേന കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നടന്നുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പണം സൈബി ജഡ്ജിമാര്‍ക്ക് നല്‍കിയെന്ന ഗുരുതര ആരോപണമാണ് ഷാജഹാന്‍ ഉന്നയിച്ചത്. ഈ സംഭവത്തില്‍ ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഷാജഹാന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ഫെബ്രുവരി 8ന് കോടതിയലക്ഷ്യ നിയമം 1971ലെ ഭാഗം 8എ പ്രകാരം അഡ്വക്കേറ്റ് ജനറല്‍ കേസ് കൊടുക്കുകയായിരുന്നു.
ഈ ആരോപണം ജുഡീഷ്യറിയെ അവഹേളിക്കുന്നതും അപകീര്‍ത്തീകരവുമാണ് എന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ കേസ്.