| Monday, 18th February 2019, 8:38 am

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് നടപടി. ഇന്നലെ രാത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡീന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചിട്ടുള്ള ഹൈക്കോടതി ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു.

തിങ്കളാഴ്ച്ച(18/02/2019) രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. കെ.എസ്.യു വിദ്യഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.

ഇന്നത്തെ എസ്.എസ്.എല്‍.സി , പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ മാറ്റി. എം.ജി കേരള സര്‍വകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

അതേസമയം ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാപോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കടക്കം പൊലീസ് സംരക്ഷണം നല്‍കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടപരിഹാരം ഈടാക്കാനാണ് തീരുമാനം.

We use cookies to give you the best possible experience. Learn more