| Monday, 24th September 2012, 4:14 pm

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ ആണവ വികിരണം; ശ്രീലങ്ക ആണവ സുരക്ഷ ശക്തമാക്കുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പാത്രങ്ങളടക്കമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളില്‍ ആണവ വികിരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീലങ്ക ആണവ സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ആണവ ഡിറ്റേറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. []

ഇതിനായി ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം  ആണവ ഡിറ്റേറ്ററുകള്‍ വാങ്ങിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ആഴ്ച്ച ആണവ ഡിറ്റേറ്ററുകള്‍ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി പ്രിയങ്കാര ജയരത്‌നെ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച്ചയാണ്  ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളടങ്ങിയ കണ്ടെയിനറില്‍ ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ ആണവ വികിരണം കണ്ടെത്തിയത്. ഇതോടൊപ്പമുണ്ടായിരുന്ന അലൂമിനിയം ഉല്‍പ്പന്നങ്ങളിലും വികിരണം കണ്ടെത്തിയിട്ടുണ്ട്.

കണ്ടെയ്‌നറില്‍ ആണവവികിരണം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളംബോ അധികാരികള്‍ ആണവോര്‍ജ അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊബാള്‍ട്ട് 60 എന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥത്തിന്റെ സാമീപ്യം തെളിഞ്ഞിരുന്നു.

ആണവ വികിരണം കണ്ടെത്തിയ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചയച്ചിട്ടുണ്ടെന്ന് ശ്രീലങ്ക വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more