| Saturday, 19th November 2016, 3:26 pm

കണ്ടെയ്‌നറില്‍ വന്നെന്ന് പറയുന്ന കള്ളപ്പണം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ കണ്ടുപിടിക്കട്ടെയെന്ന് തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സി.പി.ഐ.എമ്മിന് കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കൊച്ചി: വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തേക്ക് രണ്ടു കണ്ടെയ്‌നര്‍ നിറയെ കള്ളപ്പണം വന്നെന്ന ആരോപണത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്ക്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ തന്നെ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സി.പി.ഐ.എമ്മിന് കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാനത്ത് നികുതി പിരിവ് ആകെ പാളിയിരിക്കുകയാണ്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ കര്‍ശന നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. “ഓപ്പറേഷന്‍ എറണാകുളം” 29 മുതല്‍ ആരംഭിക്കുമെന്നും ഇതിനായി താനടക്കം എറണാകുളത്ത് ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കേരളത്തില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്നാണ് കണ്ടെയ്‌നര്‍ കള്ളപ്പണം വീണ്ടും ചര്‍ച്ചയായത്.


കേരളത്തില്‍ ആയിരം കോടിയിലേറെ കള്ളപ്പണമുണ്ട് എന്നാണ് കണക്കെന്നും കൊച്ചി തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്‌നര്‍ കള്ളപ്പണം എവിടെപ്പോയി എന്നതിന് ആര്‍ക്കും ഉത്തരമില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപണമുന്നയിച്ചിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം തള്ളി രംഗത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more