തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം 364 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
60 ശതമാനത്തോളമാണ് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം. രോഗം ബാധിക്കുന്ന അറുപത് ശതമാനം ആളുകള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്തെ അറുപത്ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം അതിശക്തമായാല്‍ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകള്‍ 24 മണിക്കൂറും നിന്താത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരും സജജ്മാണ്. നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട്. ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നു. ഇന്നു മുതല്‍ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 204 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 11659 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, കോട്ടയം 16, ഇടുക്കി 28, എറണാകുളം 44, തൃശൂര്‍ 21, പാലക്കാട് 49, മലപ്പുറം 19, കോഴിക്കോട് 26, വയനാട് 26, കണ്ണൂര്‍ 39, കാസര്‍കോഡ് 29
ശനിയാഴ്ച കൊവിഡ് ഭേദമായവര്‍, ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ