ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2017 മാര്‍ച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇതില്‍ വലിയ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയായി. 2017-18 ല്‍ ഇതില്‍ 5.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുകയും 2018-19 ല്‍ ഇതില്‍ 68 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.
വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു പറഞ്ഞു.
‘വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നോട്ട് നിരോധനത്തിന് ശേഷമാണ് ഇത് കുറയാന്‍ കാരണം എന്ന് വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളാണുള്ളത്. അതില്‍ ഒന്ന് എം.എസ്.എം.ഇ കളുടെ പണമിടപാടില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നതാണ്. രണ്ടാമതായി ഇതേ വര്‍ഷം തന്നെ ജനങ്ങള്‍ തൊഴിലില്ലായ്മയെയും അതേപോലെ വസ്തുക്കള്‍ വാങ്ങുന്നതിന് കൈയ്യില്‍ പണമില്ലാത്ത അവസ്ഥയും നേരിട്ടെന്നും’ ഗോവിന്ദ് റാവു വ്യക്തമാക്കി.