| Sunday, 4th September 2016, 3:18 pm

കണ്‍സ്യൂമര്‍ ഫെഡിലെ വിജിലന്‍സ് കേസുകള്‍ ആരെയും വേട്ടയാടാനല്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ മന്ത്രിമാരായ കെ.എം മാണിക്കും, കെ. ബാബുവിനുമെതിരായ വിജിലന്‍സ് കേസുകള്‍ മുറുകുന്നതിനിടെയാണ്, കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് കേസുകളും സമാന രീതിയില്‍ മുന്നേറുമെന്ന സൂചന സഹകരണമന്ത്രി നല്‍കിയത്.


കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിലെ വിജിലന്‍സ് കേസുകള്‍  ആരെയും വേട്ടയാടാനല്ലെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വഴി വിട്ട് നിയമിച്ചവരെയാണ് കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് എം.ഡി എം. രാമനുണ്ണിയും പറഞ്ഞു.

കോഴിക്കോട് നടന്ന കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയും എം.ഡിയും നിലപാട് വ്യക്തമാക്കിയത്.

മുന്‍മന്ത്രിമാരായ കെ.എം മാണിക്കും, കെ. ബാബുവിനുമെതിരായ വിജിലന്‍സ് കേസുകള്‍ മുറുകുന്നതിനിടെയാണ്, കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് കേസുകളും സമാന രീതിയില്‍ മുന്നേറുമെന്ന സൂചന സഹകരണമന്ത്രി നല്‍കിയത്.

കണ്‍സ്യൂമര്‍ഫെഡിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ അനധികൃതമായി നിയമനം നേടിയവര്‍ക്കെതിരെയാണ് നടപടിയെന്ന് എം.ഡി  എം രാമനുണ്ണി വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ചുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ 1760 ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് കോഴിക്കോട് നടന്നത്. 19 മൊബൈല്‍ ഔട്ടലെറ്റുകളും ഓണക്കാലത്ത് തുറക്കും.

അരി പലവ്യഞ്ജനങ്ങള്‍, വസ്ത്ര ശേഖരങ്ങള്‍ എന്നിവയ്‌ക്കൊപ്പം മില്‍മ, കേരളാ സോപ്പ്‌സ്, സുഭിക്ഷ എന്നീ സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകളും ഓണച്ചന്തയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 ഇനം സാധങ്ങള്‍ക്ക്  30 മുതല്‍ 40 ശതമാനം വരെ സബസിഡിയോടെയാണ് വില്‍പന.

We use cookies to give you the best possible experience. Learn more