കോഴിക്കോട്: ഓണക്കാലത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കണ്‍സ്യൂമര്‍ഫെഡ്. കോഴിക്കോട് മേഖലയില്‍ സബ്സിഡി ഇനത്തില്‍ 12.62 കോടിയുടെയും സബ്സിഡി ഇതര ഇനത്തില്‍ 3.99 കോടി രൂപയുടെയും വിറ്റുവരവാണുണ്ടായത്. കഴിഞ്ഞ ഓണക്കാലത്ത് 11.60 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്.
കണ്‍സ്യുമര്‍ഫെഡിന്റെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മദ്യവില്‍പ്പന ഇത്തവണ നടന്നത് കോഴിക്കോടാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ കോഴിക്കോട് മേഖലയിലെ വിദേശ മദ്യ വില്‍പ്പന ശാലകളിലും റെക്കോര്‍ഡ് വിറ്റുവരവാണ് ഇത്തവണ ഉണ്ടായത്.
ഓണത്തലേന്ന് കോഴിക്കോട് വില്‍പനശാലയില്‍ 1.12 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പനശാലകളിലെ സംസ്ഥാനത്തെ ഉയര്‍ന്ന വിറ്റുവരവാണിത്.
കൊയിലാണ്ടിയില്‍ 77 ലക്ഷവും തൊട്ടില്‍ പാലത്ത് 44 ലക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.
കോഴിക്കോട് വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് മേഖലയില്‍ 383 ചന്തകളാണുണ്ടായിരുന്നത്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍,വനിതാ സഹകരണസംഘങ്ങള്‍, എസ്.സി-എസ്ടി സഹകരണസംഘങ്ങള്‍, ജില്ലാമൊത്തവ്യാപാര സഹകരണസംഘത്തിന്റെ സ്റ്റോറുകള്‍ , കണ്‍സ്യൂമര്‍ സഹകരണസംഘങ്ങള്‍ എന്നിവയായിരുന്നു വിപണന കേന്ദ്രങ്ങള്‍.
അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്കായിരുന്നു ഇത്തവണ സബ്സിഡി. സബ്സിഡി ഇതര ഇനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ വില കുറച്ചാണ് വില്‍പ്പന നടത്തിയത്.
‘അതിജീവനത്തിന്റെ ഓണമായി, അഭിമാനത്തോടെ കണ്‍സ്യൂമര്‍ഫെഡ് ‘എന്ന സന്ദേശത്തോടെയാണ് ഈ മാസം ഒന്ന് മുതല്‍ 10 വരെ ഓണച്ചന്ത നടത്തിയത്.
ഓണക്കാലത്തെ വിലക്കയറ്റം തടയാനാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഒരുക്കിയത്. സംസ്ഥാനത്തൊട്ടാകെ 3500 ഓളം ഓണച്ചന്തകളാണ് സജ്ജമാക്കിയിരുന്നത്.
200 കോടിയുടെ 19 ഇന സബ്സിഡി ഉല്‍പന്നങ്ങളടക്കം 300 കോടി രൂപയുടെ സാധങ്ങളാണ് ഓണവിപണി ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഓണച്ചന്തകളില്‍ എത്തിച്ചിരുന്നത്. പൊതു വിപണിയേക്കാള്‍ 40% വിലക്കുറവില്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന രീതിയിലായിരുന്നു വിപണി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മൂന്നൂ വര്‍ഷം മുന്‍പ് വരെ ലാഭകരമല്ലാത്ത വിപണിയിലൂടെ കടന്നുപോവുകയായിരുന്നു കണ്‍സ്യൂമര്‍ഫെഡ്. 2016-2017 സാമ്പത്തിക വര്‍ഷം 23.48 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കണ്‍സ്യൂമര്‍ഫെഡിന് നേടാനായി. സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും ചെലവ് ചുരുക്കല്‍ നടപടികളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് ലാഭം കാണാന്‍ തീരുമാനിച്ചിരുന്നത്. ഈ രീതിയില്‍ ഓണക്കാലത്ത് വിപണിയൊരുക്കാന്‍ ഓണച്ചന്തകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയായിരുന്നു.
വിവിധ ജില്ലകളില്‍ നിത്യോപയോഗസാധനങ്ങള്‍ സഹായ വിലയില്‍ ലഭ്യമാവുന്ന രീതിയില്‍ ഓണച്ചന്തകളും ഫെയറുകളും നടത്തുകയായിരുന്നു.
പാലക്കാട് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത
പാലക്കാട് ജില്ലയില്‍ 275 സഹകരണ സംഘങ്ങള്‍, 13 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, രണ്ട് മൊബൈല്‍ ത്രിവേണികള്‍ എന്നിവ വഴിയാണ് കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണന മേള നടത്തിയത്. 40 ശതമാനം വരെ വിലക്കുറവില്‍ വിപണി നടന്നു.
സഹകരണസംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കേര ഉള്‍പ്പെടെയുള്ള വെളിച്ചെണ്ണ ലീറ്ററിന് 92 രൂപയ്ക്ക് ലഭ്യമായിരുന്നു. അരി, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കും വിലക്കുറവുണ്ടായി.
ഒരു റേഷന്‍ കാര്‍ഡിന് ലഭിച്ചിരുന്നത് അരി -25 കിലോഗ്രാം, (ജയ, കുറുവ, കുത്തരി), പച്ചരി -2 കിലോഗ്രാം, പഞ്ചസാര-1,ചെറുപയര്‍, വന്‍കടല, ഉഴുന്ന്, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി-അരക്കിലോ വീതം, വെളിച്ചെണ്ണ-1 ലിറ്റര്‍ എന്നിവയാണ്
എല്ലാ ഓണം ഫെയറുകളിലും ഔട്ട്‌ലെറ്റുകളിലും സബ്സിഡി സാധനങ്ങള്‍ക്കു 60 ശതമാനം വരെയും ശബരി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനവും മറ്റ് ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയും വിലക്കുറവ് ഉണ്ടായിരുന്നു.
മലപ്പുറത്ത് കണ്‍സ്യൂമര്‍ഫെഡ്
ഓണക്കാലത്ത് ജില്ലയില്‍ 12.18 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയാണ് ചന്തകളിലുണ്ടായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 16 ഉം 255 സഹകരണ സംഘങ്ങളുടെ 275 ഉം അടക്കം 291 സഹകരണ ചന്തകളിലൂടെയായിരുന്നു വില്‍പ്പന. ആഗസ്ത് ഒന്നുമുതല്‍ സെപ്തംബര്‍വരെ 12,18,18,689 രൂപയാണ് വിറ്റുവരവ്. ഇതില്‍ സെപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെയാണ് 11 കോടിയുടെ വില്‍പ്പനയും നടന്നത്. സഹകരണ ചന്തകള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡാണ് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയത്.
അരി (ജയ, കുറുവ, മട്ട), പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, ഉഴുന്നുപരിപ്പ് എന്നീ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലാണ് വിതരണംചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജയ, കുറുവ അരിക്ക് 25ഉം മട്ടയ്ക്ക് 24 ഉം രൂപയായിരുന്നു വില. ഓരോ റേഷന്‍ കാര്‍ഡിനും അഞ്ചുകിലോ വീതം നല്‍കി. പച്ചരി രണ്ടുകിലോ വീതവും പഞ്ചസാര ഒരുകിലോയും വെളിച്ചെണ്ണ ഒരുലിറ്റര്‍ വീതവുമാണ് കുറഞ്ഞ വിലയ്ക്ക് നല്‍കിയത്.
മറ്റ് സബ്‌സിഡി ഇനങ്ങളെല്ലാം അര കിലോഗ്രാം വീതവും. സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വില്‍പ്പനയും ഇത്തവണ വന്‍തോതില്‍ വര്‍ധിച്ചതായി കണ്‍സ്യൂമര്‍ ഫെഡ് റീജ്യണല്‍ മാനേജര്‍ വി കെ സത്യന്‍ പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ നിരക്കിനേക്കാള്‍ വില കുറച്ചാണ് നോണ്‍ സബ്‌സിഡി ഇനങ്ങള്‍ നല്‍കിയത്.
സംസ്ഥാനമൊട്ടാകെ 30 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്കുകള്‍.