തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയുടെ നിയമനത്തില്‍ സഹകരണ വകുപ്പ് ഭേദഗതി വരുത്തിയതായി ആക്ഷേപം.
വര്‍ഷം രണ്ടായിരം കോടി രൂപ വിറ്റുവരവുള്ള കണ്‍സ്യൂമര്‍ ഫെഡില്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ക്ക് എം.ഡിയാകാം എന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം.
കൂടാതെ സര്‍വീസില്‍ നിന്നും വിരമിച്ചയാളെ ലെയിസണ്‍ ഓഫീസറായും നിയമിച്ചതായി പരാതിയുണ്ട്. വിരമിച്ചവര്‍ക്ക് വീണ്ടും നിയമനം നല്‍കരുതെന്നാണ് കണ്‍സ്യൂമര്‍ഫെഡിലെ നിയമം.
എന്നാല്‍ അഡീഷണല്‍ രജിസ്ട്രാറായി വിരമിച്ച പി.ആര്‍ രാജേഷിനെ 50000 രൂപ ശമ്പളത്തിലാണ് ലെയിസണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെയോ അഡീഷണല്‍ രജിസ്ട്രാറെയോ ഇവര്‍ക്ക് തുല്യരായ സര്‍ക്കാര്‍ ഉഗ്യോഗസ്ഥരെയോ എം.ഡിയായി നിയമിക്കണമെന്നാണ് ചട്ടം.
ഇതാണ് ജില്ലാ സഹകരണ ബാങ്കിന്റെ മാനേജര്‍മാരെ നിയമിക്കാന്‍ തിരുത്തിയത്. ഇവര്‍ക്ക് ഡെപ്യൂട്ടേഷനും വേണമെന്നില്ല. കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുക.
നിലവിലുള്ള എം.ഡി എം. രാമനുണ്ണിയെ മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അഞ്ചുമാസം മുമ്പ് അയോഗ്യനാക്കിയിരുന്നു.
Read: യു.പിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു
കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന 500 കോടിയുടെ അഴിമതി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോഴും. ഇഷ്ടക്കാരെ തിരുകികയറ്റാന്‍ നടത്തുന്ന ഈ നീക്കം കണ്‍സ്യൂമര്‍ ഫെഡിനെ വീണ്ടും അഴിമതിയുടെ കേന്ദ്രമാക്കി മാറ്റും.
അതേസമയം ഓണമടുത്തിട്ടും പുതിയ എം.ഡിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.