| Tuesday, 31st May 2016, 7:24 am

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: അന്വേഷണം നേരിടുന്നയാളെ തിരിച്ചെടുക്കാന്‍ ഉത്തരവിറക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് എ.സി മൊയ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയില്‍ രൂക്ഷ വിമര്‍ശനവുമായി വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍.

കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന സി.ഐ.ടി.യുക്കാരനായ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവിറക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗൗരവമായ ആലോചനയില്ലാതെയെടുത്ത തീരുമാനമായിരുന്നു അത്. ഇദ്ദേഹത്തെ തിരിച്ചെടുത്തതിലൂടെ എല്‍.ഡി.എഫും അഴിമതിക്കാരെന്ന് പ്രചരിപ്പിക്കുക ആയിരുന്നു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. താന്‍ അറിയാതെ ഉത്തരവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം കൂടുതല്‍ വിറ്റ് വരുമാനം വര്‍ധിപ്പിക്കില്ലെന്നും വിലക്കയറ്റം തടയുകയാണ് പ്രധാന ലക്ഷ്യമെന്നും എസി മൊയ്തീന്‍് പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തില്‍ അടിമുടി മാറ്റം വരുത്തും. വിദഗ്ധരായ ഉദ്യോഗസ്ഥരെ തലപ്പത്ത് നിയോഗിക്കും. ജയകുമാര്‍ മാത്രമല്ല അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ല.

ലാഭകരമല്ലാത്ത വിതരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടും. ദിവസവേതന അടിസ്ഥാനത്തിലുള്ള മുഴുവന്‍ ജീവനക്കാരേയും താങ്ങികൊണ്ടുപോകാന്‍ കഴിയില്ല. പൂട്ടിയ വിദേശമദ്യഷോപ്പുകളുടെ സ്ഥാനത്ത് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കില്ലെന്നും മൊയ്തീന്‍ പറഞ്ഞു.

നാലുകേസുകളില്‍ അന്വേഷണം നേരിടുന്ന ജയകുമാറിനെ തിരിച്ചെടുത്തകാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി എ.സി മൊയ്തീന്‍ നേരിട്ട് ഇടപെട്ട് ഉത്തരവ് റദ്ദാക്കിയത്.

We use cookies to give you the best possible experience. Learn more