കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു
Daily News
കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2015, 7:00 am

consumerfed-01
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഴിമതിയാരോപണങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സഹകരണവകുപ്പ് രജിസ്ട്രാറാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ താല്‍ക്കാലിക ഭരണച്ചുമതല ജോയിന്റ് രജിസ്ട്രാര്‍ ദിലീപിന് നല്‍കുകയും ചെയ്തു. നടപടിയെ സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ജോയ് തോമസ് പ്രതികരിച്ചു.

കണ്‍സ്യൂമര്‍ഫെഡില്‍ 100 കോടിയുടെ അഴിമതി നടന്നതായാണ് മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥലം മാറ്റി. അഴിമതിയെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.

എന്നാല്‍ താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന്റെ ഇരയാണെന്നായിരുന്നു ജോയ് തോമസ് അന്നു പ്രതികരിച്ചത്. തുടര്‍ന്ന് അഴിമതിയെക്കുറിച്ചന്വേഷിക്കാന്‍ ബോര്‍ഡ് അംഗം സതീശന്‍ പാച്ചേനി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ കണ്‍സ്യൂമര്‍ ബോര്‍ഡ് നിയോഗിച്ചു. ചെയര്‍മാന്‍ ജോയ് തോമസിന്റെയും മുന്‍ എം.ഡി റിജി.ജി.നായരുടെയും നേതൃത്വത്തില്‍ വന്‍ അഴിമതി നടന്നു എന്ന റിപ്പോര്‍ട്ട് ഈ സമിതി കഴിഞ്ഞ ചൊവ്വാഴ്ച കണ്‍സ്യൂമര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് സമഗ്ര അന്വേഷണം നടത്താന്‍ സഹകണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. അതിനിടെയാണ് കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറങ്ങുന്നത്.

എന്നാല്‍ ഈ നടപടി കണ്‍സ്യൂമര്‍ഫെഡ് അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരായുള്ള കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ നീക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ പല അഴിമതികളെയും തുറന്നെതിര്‍ത്ത സുധീരനെ കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമ്മതിക്കാതെ നേരത്തെതന്നെ ബോര്‍ഡ് പിരിച്ചുവിടുകയായിരുന്നു എന്നാണ് വിലയിരുത്തല്‍.