| Saturday, 9th November 2013, 12:14 pm

കണ്‍സ്യൂമര്‍ ഫെഡ് ക്രമക്കേടില്‍ എം.ഡിക്കും ചീഫ് മാനേജര്‍ക്കും പങ്കെന്ന് വിജിലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ക്രമക്കേടില്‍ വിജിലന്‍സിന്റെ നിര്‍ണായക കണ്ടെത്തല്‍. ക്രമക്കേടില്‍ എം.ഡിക്കും ചീഫ് മാനേജര്‍ക്കും പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

ടെണ്ടര്‍ തുകയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തി. കരാറുകാരുമായി ഉദ്യോഗസ്ഥര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

എം.ഡിക്കും ചീഫ് മാനേജര്‍ക്കുമെതിരായ കേസിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായത്.

കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളില്‍ ഓപ്പറേഷന്‍ അന്നപൂര്‍ണ എന്ന പേരില്‍ നടത്തിയ വ്യാപക റെയ്ഡിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. റെയ്ഡിനെ ചൊല്ലി സഹകരണ ആഭ്യന്തര വകുപ്പുകള്‍ ഏറ്റുമുട്ടിയിരുന്നു.

വിവാദ വിജിലന്‍സ് റെയ്ഡിന് ശേഷം സ്വന്തം നിലയില്‍ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

സഹകരണ വകുപ്പ് അന്വേഷണം നടത്തുന്നതിനിടയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്റ്റര്‍ മഹേഷ്‌കുമാര്‍ സിംഗ്ല രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മാനേജിങ് ഡയറക്റ്റര്‍ റിജി ജി. നായര്‍ക്കും ചീഫ് മാനേജര്‍ ജയകുമാറിനും ക്രമക്കേടുകളില്‍ നേരിട്ടു പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മാനേജിങ് ഡയറക്റ്റര്‍ റിജി ജി.നായര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു

കണ്‍സ്യൂമര്‍ഫെഡില്‍ 60 കോടിയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. ഇതിനു ശേഷം നടന്ന പരിശോധനയില്‍ പ്രാഥമിക നിഗമനം ശരിയാണെന്ന് ബോധ്യമാകുകയും ചെയ്തു.

ആവശ്യത്തിലധികം ജീവനക്കാരെ നിയമിച്ചതിലൂടെയുള്ള ക്രമക്കേടും കണ്ടെത്തിയിരുന്നു.

കരാറുകാരെ നിയമിക്കുന്നതിലും കരാറുകാര്‍ വിതരണം ചെയ്ത സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിരുന്നു. പരിശോധനകളില്ലാതെ കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ആവശ്യക്കാരില്ലാത്ത സാധനങ്ങള്‍ കൂടുതലായി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു.

ഇതേ സാധനങ്ങള്‍ വിറ്റുപോകാത്തതു വന്‍ നഷ്ടത്തിനിടയാക്കിയെന്നായിരുന്നു വിജിലന്‍സിന്റെ നിഗമനം. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ െ്രെഡവറുടെ ശമ്പളത്തിനും വിനോദത്തിനുമായി സ്ഥാപനം ചെലഴിച്ചതു ലക്ഷങ്ങളാണെന്നും കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more