| Thursday, 18th February 2016, 11:39 am

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സി.എന്‍ ബാലകൃഷ്ണനെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സി.എന്‍ ബാലകൃഷ്ണനടക്കം നാലുപേര്‍ക്ക് എതിരെ തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു.

കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി. റെജി ജി നായര്‍, മുന്‍ പ്രസിഡന്റ് ജോയ് തോമസ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. വിദേശ മദ്യ ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അഞ്ചു കോടി രൂപ കൈപ്പറ്റിയതായാണ് ആരോപണം.

ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഏപ്രില്‍ നാലിനകം തൃശൂര്‍ വിജിലന്‍സ് ഡയറക്റ്റര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വിജിലന്‍സ് കോടതി ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് കോടതി പരിഗണിക്കാനിരിക്കെ പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് സി എന്‍ ബാലകൃഷ്ണനെ എതിര്‍കക്ഷിയാക്കി വീണ്ടും ഹര്‍ജി നല്‍കിയിരുന്നു. ഇരു കേസുകളും പരിഗണിച്ചശേഷമാണു കോടതി ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്.

നീതിവിതരണ കേന്ദ്രങ്ങളിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നും, മൊബൈല്‍ ത്രിവേണി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകള്‍ പരിശോധിക്കണമെന്നും വിജിലന്‍സ് കോടതി പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയതിന് തന്റെ വീട് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചെന്നും പെട്രോള്‍ ഒഴിച്ചുകത്തിക്കാന്‍ നോക്കിയെന്നും ഇതിന് സഹായം ചെയ്തുകൊടുത്തത് സി.എന്‍ ബാലകൃഷ്ണനാണെന്നും ഹരജിയില്‍ ആരോപച്ചിട്ടുണ്ട്.

എന്നാല്‍ പൊലീസിന് പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും പി.ഡി ജോസഫ് കോടതിയില്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more