| Tuesday, 6th January 2015, 12:22 pm

സംസ്ഥാനത്തെ 200 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് നേരിട്ടു നടത്തുന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. കനത്ത നഷ്ടം നേരിടുന്ന 200 ഓളം സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്.

ഇന്നു ചേരുന്ന കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതോടെ 1000ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് നന്മ സ്റ്റോറുകള്‍ ആരംഭിച്ചത്. 2000ത്തില്‍ അധികം നന്മ സ്‌റ്റോറുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 890 സ്‌റ്റോറുകളാണ് കണ്‍സ്യൂമര്‍ ഫെഡ് നേരിട്ടു നടത്തുന്നത്.

കനത്ത നഷ്ടം നേരിടുന്നതു കാരണം രണ്ടുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം പോലും ലഭിക്കുന്നില്ല. 300 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് ഇവിടെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. 10 തരം നിത്യോപയോഗ സാധനങ്ങള്‍ 20% വിലക്കുറവിലാണ് നന്മ സ്‌റ്റോറുകള്‍ വില്‍ക്കുന്നത്

തലപ്പത്തുള്ള ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് നന്മ സ്‌റ്റോറുകള്‍ നഷ്ടത്തിലാകാന്‍ കാരണം. ഓണം, റംസാന്‍, ക്രിസ്തുമസ് പോലുള്ള ഉത്സവ കാലങ്ങളില്‍ നന്മ സ്‌റ്റോറുകളില്‍ സാധനങ്ങള്‍ ലഭ്യമായിരുന്നില്ല.

1,100 കോടി രൂപയുടെ കടബാധ്യതയാണ് നന്മ സ്റ്റോറുകള്‍ക്കുള്ളത്. വിതരണക്കാര്‍ക്ക് 420 കോടി രൂപയും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 580 കോടി രൂപയും നല്‍കാനുണ്ട്.

We use cookies to give you the best possible experience. Learn more