| Sunday, 24th November 2013, 3:07 pm

ആയുര്‍വേദ കോളേജുകളില്‍ ചികിത്സാ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സംസ്ഥാനത്തെ ആയുര്‍വേദ കോളേജുകളിലെ ചികിത്സാ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചു.  നവംബര്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വന്നിരിക്കുന്നത്.

ഇതോടെ കൂട്ടത്തോടെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളെ ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് രോഗികള്‍. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പുതിയ തീരുമാനമെന്നാണ് ആരോപണം.

രോഗികള്‍ കുറയുന്നതിലൂടെ സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളുടെ അംഗീകാരം നഷ്ടപ്പെട്ടേക്കുമോ എന്നും ആശങ്കയുണ്ട്.

2011 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എതിര്‍ത്തതിനെ തുടര്‍ന്ന് മരവിപ്പിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രി വികസനത്തിന് ഫണ്ടില്ലെന്നും നിരക്ക് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്നും കാണിച്ച് ഓഗസ്റ്റില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് നിരക്ക്് വര്‍ധിപ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്. കഴിഞ്ഞ മാസം വരെ പിഴിച്ചില്‍ ചികിത്സയ്ക്ക് എ.പി.എല്‍ രോഗികള്‍ ആയിരം രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്.

പല സ്വകാര്യ ആയുര്‍വേദ ആശുപത്രികളിലും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേതിനേക്കാള്‍ കുറഞ്ഞ ചിലവിലാണ് ചികിത്സ ലഭ്യമാക്കുന്നത്.

ബി.പി.എല്‍ വിഭാഗത്തിന് ചികിത്സ സൗജന്യമാണെന്ന് പറയുമ്പോഴും ആശുപത്രിക്കുള്ളിലെ ഫാര്‍മസികളില്‍ നിന്ന് മരുന്ന് വിലയ്ക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെസീറ്റുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന കൗണ്‍സിലിന്റെ തീരുമാനത്തിന് പുറകെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന സര്‍ക്കാര്‍ കോളേജുകളിലും നവംബര്‍ ഒന്ന്  മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

രോഗികളുടെ എണ്ണത്തിലുള്ള ഗണ്യമായ കൊഴിഞ്ഞുപോക്കിലൂടെ കോളേജിന്റെ അംഗീകാരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍.

We use cookies to give you the best possible experience. Learn more