| Friday, 31st August 2018, 6:37 pm

നവകരള നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്റായി കരിമ്പട്ടികയില്‍പെട്ട വിദേശ കമ്പനി; വിവാദം പുകയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എംജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചതിനെതിരെ വിവാദം പുകയുന്നു. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്റെ കരിമ്പട്ടികയിലുമുള്ള ഒരു കമ്പനിയെ കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുത്തതിനെതിരെയാണ് വിവാദം.

കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്‍സി സേവനം നെതര്‍ലാന്റ് ആസ്ഥാനമായ കെ.പി.എം.ജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സേവനം സൗജന്യമായി നല്‍കാന്‍ കമ്പനി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.


Read Also : നിങ്ങളുടെ ഈ ചോദ്യങ്ങള്‍ നമുക്കൊരു പൊതുവേദിയില്‍ ചര്‍ച്ച ചെയ്താലോ; സഭയില്‍ പരിസ്ഥിതി “പാണ്ഡിത്യം” വിളമ്പിയ എം.എല്‍.എമാരോട് ആഷിഖ് അബു


ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായ കെ.പി.എം.ജിക്കെതിരെ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആരോപണമുണ്ടായിട്ടുണ്ട്. Carillion എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു കൂട്ട് നിന്ന് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തിക കാര്യ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

സൗത്ത് ആഫ്രിക്കന്‍ ഗവണ്‍മെന്റ് കെ.പി.എം.ജി യുമായുള്ള എല്ലാ കരാറുകളും റദ്ദാക്കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഇന്ത്യന്‍ വംശജനും സൗത്ത് ആഫ്രിക്കയിലെ ആദ്യ അഞ്ചു ധനികരില്‍ ഒരാളുമായ അതുല്‍ ഗുപ്തയുമായി ചേര്‍ന്ന് വന്‍തോതില്‍ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിലാണ് സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ കെ.പി.എംജിയുമായുള്ള കരാറുകള്‍ റദ്ദാക്കിയത്.

സി.ഇ.ഒയെ പുറത്താക്കുന്നതടക്കമുള്ള ചില നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കെ.പി.എംജി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല .സൗത്ത് ആഫ്രിക്കയിലെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഓഡിറ്റിങ്ങില്‍ നിന്ന് കെ.പി.എംജിയെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.


Read Also: പ്രണബ് മുഖര്‍ജി ഹരിയാനയില്‍ ആര്‍.എസ്.എസുമായി കൈകോര്‍ക്കുന്നു


കൂടാതെ ലിക്വിഡേഷന്‍ നടപടികള്‍ നേരിടുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിച്ചത്തിന്റെ പേരില്‍ യു.എ.ഇ സര്‍ക്കാരിന്റെ അന്വേഷണവും കെ.പി.എംജിക്കെതിരെ നടക്കുന്നുണ്ട്.

2003ല്‍ കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി എല്‍.എല്‍.പിയെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നികുതി വെട്ടിപ്പിന് അവസരം നല്‍കിയെന്നായിരുന്നു കേസ്. ഇതേതുടര്‍ന്ന് 456 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് കെ.പി.എം.ജി അവസാനിപ്പിക്കുകയായിരുന്നു.

2017ല്‍ കെ.പി.എം.ജിയ്ക്ക് യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ 6.2 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. മില്ലര്‍ എനര്‍ജി റിസോഴ്‌സസ് എന്ന കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട നടത്തിയ ക്രക്കേടുകളാണ് പിഴ ചുമത്താന്‍ ഇടയാക്കിയത്.

1987ല്‍ നിലവില്‍വന്ന കെ.പി.എം.ജിയില്‍ 1,89,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ഓഡിറ്റിങ് ആണ് കെ.പി.എം.ജി പ്രധാനമായും നടത്തുന്നത്.

We use cookies to give you the best possible experience. Learn more