|

പാരിസ്ഥിതിക അനുമതിയില്ലാതെ കെട്ടിട നിര്‍മാണം; ഇഷ ഫൗണ്ടേഷനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോയമ്പത്തൂര്‍ വെള്ളിയാങ്കിരി മലനിരകളില്‍ പാരിസ്ഥിതിക അനുമതിയില്ലാതെ നിര്‍മാണങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നേരത്തെ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇഷ ഫൗണ്ടേഷന് നല്‍കിയ നോട്ടീസ് തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇഷ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ തന്നെ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ് തള്ളിയത്. ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് ബോര്‍ഡ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇഷ ഫൗണ്ടേഷന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമല്ല എന്ന വാദമുയര്‍ത്തിയാണ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഒരു യോഗ പരിശീലന കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചു.

പാരിസ്ഥിതിക അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളയണമെന്ന തമിഴ്‌നാടിന്റെ വാദത്തെയും സുപ്രിം കോടതി ഈ ഘട്ടത്തില്‍ അംഗീകരിച്ചിട്ടില്ല. ഒരു ചെറിയ കുടിലല്ല, ലക്ഷണക്കിന് ചതുരശ്ര യാര്‍ഡ് വിസ്തൃതിയുടെ കെട്ടിടങ്ങളാണെന്നും സുപ്രീം കോടതി നരീക്ഷിച്ചു.

മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന് അവകാശമുണ്ടെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കാനാകില്ലെന്നുമാണ് സുപ്രീം കോടി പറഞ്ഞത്. യോഗ കേന്ദ്രം നിര്‍മിച്ചു കഴിഞ്ഞെന്നും അതിനാല്‍ തന്നെ ഇനി സര്‍ക്കാറിന്റെ ചുമതല എല്ലാ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കലാണെന്നും സുപ്രീം കോടതി പറഞ്ഞു.

2022ലെ വിധിക്കെതിരെ ഇപ്പോള്‍ അപ്പീലുമായി വന്ന തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് കൊണ്ടാണ് ഇത്രയും വൈകിയതെന്ന് ചോദിച്ച സുപ്രീം കോടതി സംസ്ഥാനത്തിന്റെ വൈകലിനെ സംശയത്തോടെ മാത്രമേ നോക്കിക്കാണാനാകൂ എന്നും പറഞ്ഞു. രണ്ട് വകുപ്പുകള്‍ക്കിടയില്‍ ഫയലുകള്‍ കുരുങ്ങിക്കിടന്നതാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ വൈകിയതെന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്ര ബോര്‍ഡ് മറുപടി നല്‍കി.

ഇഷ ഫൗണ്ടേഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ഹാജരായത്. തങ്ങള്‍ക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ടെന്നും ആകെ ഭൂവിസ്തൃതിയുടെ 20 ശതമാനം സ്ഥലത്ത് മാത്രമേ നിര്‍മാണങ്ങള്‍ നടത്തിയിട്ടുള്ളൂവെന്നും ബാക്കി സ്ഥലങ്ങള്‍ പച്ചപ്പായി നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

content highlights: Construction without environmental clearance; Tamil Nadu Govt in Supreme Court against Isha Foundation

Video Stories