| Saturday, 24th June 2023, 5:08 pm

നിയമ ലംഘനം; ബ്രസീലില്‍ നെയ്മറിന്റെ ആഡംബര വീടിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ആഡംബര വീടിന്റെ നിര്‍മാണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. പരിസ്ഥിതി നിയമ ലംഘനത്തെ തുടര്‍ന്നാണ് റിയോ ഡി ജനീറോയില്‍ മംഗരാതിബ എന്ന സ്ഥലത്തെ വസതിയുടെ നിര്‍മാണം നിത്തിവെച്ചത്. അധികൃതരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മണല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പരിസ്ഥിതി നിയമം ലംഘിച്ചാണ് വീട് നിര്‍മാണത്തിനായി എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിയോ ഡി ജനീറോയിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെല്‍ മൂലമാണ് നിര്‍മാണം നിര്‍ത്തിവെച്ചത്.

നിയമ ലംഘനം തെളിയിക്കപ്പെട്ടാല്‍ നെയ്മര്‍ ജൂനിയര്‍ കുറഞ്ഞത് 1.05 മില്യണ്‍ ഡോളര്‍ വരെ പിഴ അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിയുടെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ താരത്തിന്റെ പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് അതികൃതരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ നെയ്മര്‍റിന്റെ കുടുംബം വിസമ്മതിച്ചതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ താരമാണ് നെയ്മര്‍. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി സജീവ ഫുട്ബുളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണിപ്പോള്‍ താരം.

അതിനിടെ പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് പി.എസ്.ജി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്.


Content Highlight: Construction on Neymar’s luxury home in Brazil has been halted

We use cookies to give you the best possible experience. Learn more