| Thursday, 23rd July 2020, 1:18 pm

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഇന്ത്യയില്‍ കൊവിഡ് അവസാനിക്കും: ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഇന്ത്യയില്‍ കൊവിഡ് അവസാനിക്കുമെന്ന് മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബി.ജെ.പി നേതാവുമായ രാമേശ്വര്‍ ശര്‍മ്മ.

‘മനുഷ്യരുടെ ക്ഷേമത്തിനായി രാക്ഷസന്മാരെ കൊന്നൊടുക്കുന്നതിന് അന്ന് ഭഗവാന്‍ ശ്രീരാമന്‍ പുനരവതരിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്നതോടെ കൊവിഡ് മഹാമാരിയുടെ അന്ത്യത്തിനും തുടക്കമാകും’ ശര്‍മ പറഞ്ഞു.

ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ കൊവിഡ് വ്യാപനത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ സാമൂഹിക അകലം പാലിക്കുക മാത്രമല്ല, നമ്മുടെ ഭഗവാന്മാരെ ഓര്‍മിക്കുക കൂടി ചെയ്യുകയാണ്’, ശര്‍മ്മ പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കുന്നതിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പട്ട ശിലാസ്ഥാപനം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more