| Monday, 30th April 2018, 6:15 pm

സര്‍ക്കാരിന്റെ ഔദാര്യമല്ല ; ഭരണഘടനാ അവകാശങ്ങളാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്

കെ. സന്തോഷ്‌ കുമാര്‍

ആദിവാസികളെ തനത് സാംസ്‌കാരിക, സാമൂഹിക അസ്തിത്വം നിലനിര്‍ത്തുന്ന ഒരു കമ്മ്യൂണിറ്റിയായോ, സമൂഹമായോ, പൌരനായോ /പൗരയായോ അംഗീകരിക്കുന്ന ഒരു ഭരണകൂടമോ ബ്യൂറോക്രസിയോ അല്ല ഇവിടെ നിലനില്‍ക്കുന്നത്. “”ആദിവാസികളെ സ്റ്റേറ്റ് പ്രജകളായിട്ടാണ് പരിഗണിക്കുന്നത്. പ്രജകളെ “തീറ്റിപ്പോറ്റുക” എന്നൊരു പണിയാണ് സ്റ്റേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രാഥമികമായി അതിനെ റദ്ദു ചെയ്യുകയാണ് വേണ്ടത്”” എന്ന് പ്രശസ്ത എഴുത്തുകാരനും ദളിത് ചിന്തകനുമായ സണ്ണി എം കപിക്കാട് നിരീക്ഷിക്കുന്നുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ ഇത് ശരിവെയ്ക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതികള്‍. അല്ലെങ്കില്‍ പിന്നെ ആവാസവ്യവസ്ഥയും തനത് കാര്‍ഷിക സംസ്‌കാരവും തകര്‍ന്ന് പോഷക ആഹാരക്കുറവുകൊണ്ടും, പട്ടിണി കൊണ്ടും അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും പട്ടിണി പരിഹരിക്കുന്നതിനും കമ്യൂണിറ്റി കിച്ചന്‍ വഴി ചോറും പരിപ്പും പയറു കറിയും വെച്ചു നല്‍കുമോ ? ഇത്രയും ബുദ്ധിശൂന്യമായ ഒരു പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ? തങ്ങള്‍ പറയുന്നത് എന്തും കേള്‍ക്കാന്‍ വിധിക്കപ്പെട്ട പ്രജകളായി, വിധേയപ്പെടുന്ന ജനതയായി ആദിവാസികളെ പരിഗണിക്കുന്നത് കൊണ്ടാണ് അവരുടെ ഭരണഘടനാ അവകാശങ്ങളെക്കുറിച്ചും നിയമപരമായ പരിരക്ഷകളെ കുറിച്ചും സ്റ്റേറ്റ് ബോധപൂര്‍വ്വമായ അജ്ഞത നടിക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കുന്നതും.

മുകളില്‍ നിന്ന് താഴേക്ക് ആജ്ഞാപിക്കുകയും ഔദാര്യമായി കൊടുക്കുകയും ചെയ്യുന്നതിനു അപ്പുറം രാജാവിന് പ്രജകളോട് പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങള്‍ ഒന്നും തന്നെയില്ല. എന്തെങ്കിലും തരത്തിലുള്ള കടമയുണ്ടെങ്കില്‍ അത് ധാര്‍മ്മികവുമാണ്. രാജാവിനോട് പ്രജകള്‍ക്ക് മാത്രമായിരിക്കും ഉത്തരവാദിത്വവും ബാധ്യതയും. അതായത് ഒരു പരമാധികാര സ്റ്റേറ്റ് നിയമത്തിനും ഭരണഘടനയ്ക്കും പുറത്തായിരിക്കും.

സണ്ണി എം കപിക്കാട്

അതുകൊണ്ട് തന്നെ പ്രജകളെ കൊല്ലാം, ശാരീരികമായി ആക്രമിക്കാം, ശിക്ഷിക്കാം, എന്തും ചെയ്യാം. വേണമെന്നുണ്ടെങ്കില്‍ മാത്രം ധാര്‍മ്മിക കടമ നിര്‍വ്വഹിച്ചാല്‍ മതിയാകും. ചുരുക്കത്തില്‍ പൗരാവകാശങ്ങളെ കുറിച്ചും വ്യക്തിയുടെ നിയമപരമായ പരിരക്ഷകളെ കുറിച്ചും ഉത്തരവാദിത്വം ഇല്ലാതിരിക്കുന്നതാണ് പരമാധികാര സ്റ്റേറ്റിന്റെ സ്വഭാവം.

ഇത്തരത്തില്‍ ആദിവാസികളെ പൗരരായി കാണാത്ത, വ്യക്തിഗത അവകാശങ്ങളെ മാനിക്കാത്ത, സാമൂഹിക അസ്തിത്വത്തെ പരിഗണിക്കാത്ത, ആദിവാസികളുടെ ഭരണഘടനാ അവകാശമായ സ്വയംഭരണാവകാശവും, വനാവകാശവും, ആദിവാസി സംസ്‌കാരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുന്നതിനുള്ള നിയമങ്ങളുടെ പരിരക്ഷ എന്നിവ അംഗീകരിക്കാത്ത, ആദിവാസികളെ പ്രജകളായി കാണുന്ന ഒരു പരമാധികാര ഭരണകൂടമാണ് ഇന്ന് ഇവിടെ നിലനില്‍ക്കുന്നത്.

പക്ഷെ ജനാധിപത്യ ഭരണ സംവിധാനത്തിനകത്ത് അത്തരം അധികാര പ്രയോഗങ്ങള്‍ക്ക് സ്ഥാനമില്ല. ജനാധിപത്യ സംവിധാനത്തിനകത്ത് ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിധേയപ്പെട്ടു, ജനാധിപത്യ തത്വങ്ങള്‍ക്ക് അനുസരിച്ച് ഭരണക്രമം നടപ്പിലാക്കേണ്ട ഒരു ഏജന്‍സി മാത്രമാണ് ഭരണകൂടം. പൗരന്റെ, സമൂഹത്തിന്റെ, ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളെയും നിയമപരമായ പരിരക്ഷകളെയും നടപ്പിലാക്കാനും സംരക്ഷിക്കുവാനും നിയമപരമായി ബാധ്യസ്ഥരും ഉത്തരവാദിത്വപ്പെട്ടവരുമാണ് ജനാധിപത്യ ഭരണകൂടം.

അങ്ങനെ അവര്‍ ചെയ്യുന്നില്ലെങ്കില്‍ അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ആ നിലയ്ക്ക് ഭരണഘടനാ വിരുദ്ധമായും ജനാധിപത്യ വിരുദ്ധമായും ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ആദിവാസികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വയംഭരണാവകാശവും വനാവകാശവും നടപ്പിലാക്കാന്‍ തയ്യാറാകാത്തത്.

എല്ലാ ജനവിഭാഗങ്ങളോടും സര്‍ക്കാര്‍ ഇത്തരം ഒരു സമീപനമല്ല സ്വീകരിക്കുന്നത്. സവര്‍ണ്ണ സംഘടിത സമുദായങ്ങളെ “അധിക പൗരന്മാരായി” ആണ് ഭരണകൂടം പരിഗണിക്കുന്നത്. അതുകൊണ്ടാണ് അധികാരത്തിന്റെയും ബ്യൂറോക്രസിയുടെയും എന്നു വേണ്ട സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലയിലും ആധിപത്യവും പ്രാതിനിധ്യവും ഉണ്ടായിട്ടും സവര്‍ണ്ണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന് സംവരണത്തിന്റെ അന്തസത്തയെ തന്നെ അട്ടിമറിച്ചുകൊണ്ട് “സവര്‍ണ്ണ സമുദായ സംവരണം” നടപ്പിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നത്.

ആദിവാസികളുടെ ഭരണഘടന അവകാശങ്ങളായ സ്വയംഭാരണാവകാശവും വനാവകാശവും നടപ്പിലാക്കാതെ ഇരിക്കുകയും സംഘടിത സവര്‍ണ്ണ സമുദായങ്ങള്‍ക്ക് വേണ്ടി ഭരണഘടനാ വിരുദ്ധമായി “സവര്‍ണ്ണ സമുദായ സംവരണം” നടപ്പിലാക്കുന്നിടത്തുമാണ് സ്റ്റേറ്റിന്റെ ജാതി വെളിവാകുന്നത്.

അട്ടിമറിക്കുന്ന സ്വയംഭരണാവകാശം

ഭരണഘടനാ വകുപ്പ് 244 (1 ) ഷെഡ്യൂള്‍ (5), (6) പ്രകാരമാണ് ആദിവാസി മേഖലകള്‍ക്ക് സ്വയംഭരണാവകാശം ഉറപ്പു നല്‍കുന്നത്. അതില്‍ ആസ്സാം, മേഘാലയ, ത്രിപുര, മിസോറം എന്നീ ആദിവാസി ഭൂരിപക്ഷ നോര്‍ത്തീസ്റ്റ് സംസ്ഥാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ (6) ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ മറ്റ് മുഴുവന്‍ ആദിവാസി മേഖലകളും ഷെഡ്യൂള് ( 5 ) ല്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കാം എന്ന് 1976 ല്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

പട്ടികവര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്നതോട് കൂടി ആദിവാസി ഗ്രാമസഭകള്‍ക്ക് ( ആദിവാസി ഉപദേശക കൗണ്‍സില്‍ ) ആയിരിക്കും ഈ മേഖലയുടെ പരമാധികാരം. ഭൂമി കൈമാറ്റം, ഭൂമി കൈമാറുന്നതിനുള്ള നിയന്ത്രണം, വികസന പ്രവര്‍ത്തനങ്ങള്‍, കച്ചവടം, പണമിടപാടുകള്‍ തുടങ്ങിയ മുഴുവന്‍ കാര്യങ്ങളുടെയും നിയന്ത്രണം ഈ ആദിവാസി ഊരു സഭകള്‍ക്കായിരിക്കും. മാത്രമല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഊരിന്റെ ഗുണത്തിനോ ദോഷത്തിനോ വരുമോ എന്നത് അനുസരിച്ച് ആ നിയമം നടപ്പിലാക്കുവാനുള്ള വിവേചനാധികാരം ആദിവാസി ഗ്രാമസഭകള്‍ക്കുണ്ട്.

ഇത്തരത്തില്‍ ആദിവാസികളുടെ സ്വയംനിര്‍ണ്ണയ അധികാരത്തെയും സംസ്‌കാരത്തെയും ആവാസവ്യവസ്ഥയേയും കൃഷിയേയും സംരക്ഷിക്കുന്ന അതിശക്തമായ ഭരണഘടനാ അവകാശമാണ് ആദിവാസി സ്വയംഭരണാവകാശം. പട്ടികവര്‍ഗ്ഗ മേഖലകളുടെ സക്രിയവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1996 ലാണ് ഭൂരിയ കമീഷന്റെ നിര്‍ദ്ദേശത്തോടെ പെസാ നിയമം എന്ന് അറിയപ്പെടുന്ന (Panchayath Extension to the Scheduled Area, Act 1996 ) പഞ്ചായത്തീരാജ് വ്യവസ്ഥകള്‍ വ്യാപിപ്പിക്കല്‍ നിയമം നിലവില്‍ വരുന്നത്.

• പഞ്ചായത്തുകളെക്കുറിച്ച് സംസ്ഥാനം നടത്തുന്ന നിയമനിര്‍മ്മാണം ഗോത്രസമൂഹങ്ങളുടെ ആചാരപരമായ നിയമങ്ങള്‍, സാമൂഹികവും മതപരവുമായ അനുഷ്ഠാനങ്ങള്‍, പൊതുവിഭവങ്ങളുടെ പരമ്പരാഗതമായ കൈകാര്യ സമ്പ്രദായങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായിരിക്കണം.

പഞ്ചായത്ത് ആവിഷ്‌കരിക്കുന്ന സാമൂഹിക സാമ്പത്തിക വികസന പദ്ധതികളും പരിപാടികളും പ്രോജക്ടുകളും ഗ്രാമത്തില്‍ നിര്‍വ്വഹണം നടത്തുന്നത് മുന്‍പ് അത്തരം പദ്ധതികളും പരിപാടികളും പ്രോജക്ടുകളും ഗ്രാമസഭ അംഗീകരിക്കേണ്ടതാണ്.

പട്ടികപ്രദേശങ്ങളിലെ വികസന പദ്ധതിക്കായ് ഭൂമിയേറ്റെടുക്കല്‍, അത്തരം പ്രോജക്ടിന് വേണ്ടി കുടിയൊഴിപ്പിക്കുന്നവരെ മാറ്റി പാര്‍പ്പിക്കല്‍, പുനരധിവസിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഗ്രാമസഭയും അതാത് പഞ്ചായത്തുമായി കൂടിയാലോചിച്ച് നടപ്പിലാക്കേണ്ടുന്നതാണ്.

പട്ടികവര്‍ഗ്ഗ പ്രദേശങ്ങളിലെ ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം

ഗ്രാമ ചന്തകള്‍ ഏത് പേരില്‍ അറിയപ്പെട്ടാലും അത് നടത്തിപ്പിനുള്ള അവകാശം

സാമൂഹിക സേവന രംഗത്തുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരുടെയും മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള അധികാരം

പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം ( ട്രൈബല്‍ സബ് പ്ലാന്‍ ഫണ്ട് ) ഉള്‍പ്പടെയുള്ള പ്രാദേശിക ആസൂത്രണ പദ്ധതികളുടെയും അവയുടെ സാമ്പത്തിക വിഭവങ്ങളുടെയും നിയന്ത്രണ അധികാരം.

തുടങ്ങി പെസാ നിയമത്തില്‍ വളരെ വ്യക്തമായി തന്നെ ആദിവാസി ഗ്രാമസഭകളുടെ സ്വയംനിര്‍ണ്ണയ അധികാരത്തെയും ഭരണനിര്‍വഹണ അധികാരത്തെയും സംശയാതീതമായി നിര്‍വ്വചിക്കുകയും  നിഷ്‌കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ പരിരക്ഷയുണ്ടായിട്ടും നിയമത്തിന്റെ പിന്‍ബലം ഉണ്ടായിട്ടും 2001 ആഗസ്റ്റ് 29 ന് സെക്രട്ടറിയേറ്റിനു മുന്‍പില്‍ കുടില്‍കെട്ടി സമരം നടക്കുന്നതുവരെ സ്വയംഭരണാവകാശവും പെസാ നിയമവും ചര്‍ച്ചയ്ക്ക് ചെയ്യാന്‍ പുരോഗമന കേരളം തയ്യാറായില്ല എന്നതാണ് വസ്തുത.

നാല്‍പ്പത്തിയെട്ട് ദിവസം നീണ്ടു നിന്ന ഐതിഹാസിക കുടില്‍കെട്ടി സമരത്തിനൊടുവില്‍ ഒക്ടോബര്‍ 16നു സര്‍ക്കാര്‍ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി നല്‍കി പുനരധിവസിപ്പിക്കാമെന്നും വനഭൂമി ഉള്‍പ്പടെയുള്ള ഭൂമി ഇതിനായി പതിച്ച് നല്‍കാമെന്നും സ്വയംഭരണാവകാശം നടപ്പിലാക്കമെന്നും ഇത് ഒരു മിഷന്‍ മാതൃകയില്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തു. ആദിവാസികളെയും ദളിതരെയും വഞ്ചിച്ച് ശീലിച്ച സര്‍ക്കാര്‍ ഈ കരാറും അട്ടിമറിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ.

സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് 2003 ജനുവരിയില്‍ 3 നു തങ്ങളുടെ ഊര് ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിനും സ്വയംഭാരണാധികാരത്തെ അംഗീകരിപ്പിക്കുന്നതിനും വനാവകാശം നേടിയെടുക്കുന്നതിനും മുത്തങ്ങ വനഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം ആരഭിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വയംഭരണ അവകാശത്തെ തങ്ങള്‍ സ്ഥാപിക്കുന്നുവെന്നും മുത്തങ്ങ സമരഭൂമി സ്വയംഭരണ പട്ടികമേഖലയാണെന്നും ആദിവാസികള്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ അത് വിഘടനവാദപരമാനെന്നും “”ആസിവാസികള്‍ മറ്റൊരു രാജ്യം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുമെന്നാണ്”” നമ്മുടെ ഭരകൂടവും മാദ്ധ്യമങ്ങളും നുണക്കഥകള്‍ മെനഞ്ഞത്.

ആദിവാസികളുടെ ഭരണഘടനാ അവകാശത്തെ അവര്‍ തന്ത്രപൂര്‍വ്വം അദൃശ്യവല്‍ക്കരിക്കുകയും നിഷേധിക്കുകയും ചെയ്തു. 2003 ഫെബ്രുവരി 19നു നിസ്സഹായരായ ആദിവാസികള്‍ക്ക് നേരെ വെടിയുയര്‍ത്തു സമരത്തെ ചോരയില്‍ മുക്കികൊല്ലുവാനാണ് ഭരണകൂടവും പോലീസും ശ്രമിച്ചത്. ജോഗി സംഭവ സ്ഥലത്തു തന്നെ വെടിയേറ്റു മരിച്ചു. പോലീസ് മര്‍ദ്ധനത്തെ തുടര്‍ന്നു രോഗികളായി പത്തിലധികം ആദിവാസികള്‍ പിന്നീട് മരണമടഞ്ഞു. നിരവധി പേര്‍ കിടപ്പിലായി. 700 ല്‍ അധികം സ്ത്രീകളേയും കുട്ടികളെയും വൃദ്ധരേയും ജയിലിലടച്ചു മര്‍ദ്ദിച്ചു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് 148 കുട്ടികളെയാണ് പോലീസ് ജയിലിലടച്ചത്. തങ്ങള്‍ക്ക് അവകാശപ്പെട്ട സയംഭരണാവകാശവും വനാവകാശവും സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടിയായിരുന്നു ഈ പീഡനം മുഴുവന്‍ ആദിവാസികള്‍ക്ക് ഏല്‍ക്കേണ്ടി വന്നത്.

അതിജീവനത്തിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ ആദിവാസികള്‍ക്ക് മുന്നില്‍ ഇല്ലാത്തതു കൊണ്ടാണ് “”വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്”” എന്ന മുദ്രാവാക്യവുമായി 2014 ജുലൈ 9 നു കുടില്‍കെട്ടി സമരത്തിലെ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യവുമായി ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല “നില്പ് സമരം” ആരംഭിക്കുന്നത്. 162 ദിവസം മഴയും വെയിലുമേറ്റ് ആദിവാസികള്‍ നിന്ന നില്‍പ് സമരത്തിന്റെ പ്രധാന ആവശ്യം സയംഭരണാവകാശവും വനാവകാശവും നടപ്പിലാക്കണം എന്നതായിരുന്നു.

2014 ഡിസംമ്പര്‍ 18 നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിക്കുന്നതു. തുടര്‍ന്ന് സംസ്ഥാനത്തെ വയനാട്, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലെ 31 പഞ്ചായത്തുകളിലും 3 മുന്‍സിപ്പാലിറ്റികളിലുമായി 2445 ഊരുകളില്‍ പെസാ നിയമം നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 2015 ഏപ്രില്‍ 7 നു കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത് മുതല്‍ ഇതിന്റെ തുടര്‍ നടപടികള്‍ മുഴുവന്‍ അട്ടിമാറിക്കപ്പെട്ടിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് എന്തായെന്നോ, തുടര്‍ നടപടി ക്രമങ്ങകള്‍ എന്തെന്നോ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് പോലും അന്വേഷിപ്പിക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പെസാ നിയമം നടപ്പിലാക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ എന്തായി എന്നുള്ള 2017 മാര്‍ച്ചിലെ നിയമസഭാ സമ്മേളനത്തിലെ ചോദ്യത്തിനു “”ഊരുകളുടെ അതിര്‍ത്തികള്‍ എതെന്ന് വ്യക്തതയില്ല. നിലവിലെ ഒരു പഞ്ചായത്ത് വാര്‍ഡിനകത്ത് തന്നെ ഊരുകള്‍ മാത്രമായി ചെറിയ സ്വയംഭരണ പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ വിശദ്ധമായി പഠിക്കേണ്ടത് ഉണ്ട്”” എന്ന ഒഴുക്കന്‍ മറുപടിയാണ് നിയമസഭയില്‍ പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞത്.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ പെസാ നിയമം എങ്ങനെ നടപ്പിലാക്കാമെന്ന് 2014 ല്‍ നില്‍പു സമരത്തില്‍ സുവ്യക്തമായും അതിനു മുന്‍പ് കുടില്‍ കെട്ടി സമരത്തിലും മുന്നോട്ട് വെച്ചിട്ടുള്ളതാണ്. അട്ടപ്പാടി ബ്ലോക്കും, ഇടമലക്കുടി പഞ്ചായത്തും, ആറളവും ഒഴിച്ച് കേരളത്തിലെ ഒരു ആദിവാസി അധിവാസ മേഖലയിലും കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വയംഭരണാവകാശം നടപ്പിലാക്കുവാന്‍ കഴിയുകയില്ല. ഇവിടെയോഴിച്ചുള്ള ആദിവാസി അധിവാസ മേഖല ചിതറിയും ഭൂരിപക്ഷ മേഖലയും അല്ലാ എന്നുള്ളതാണ് പ്രധാന പരിമിതി.

പഞ്ചായത്തിനുള്ളില്‍ ചിതറി കിടക്കുന്ന ഊരുകളെ, ആവാസ സ്ഥലങ്ങളെ ഗ്രാമസഭയായി പരിഗണിക്കുന്ന ഒരു നിയമനിര്‍മാണത്തിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തണം എന്നുമായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യം. 2016 ല്‍ കിലെ നടത്തിയ പഠനത്തിലും ഇത് വ്യകതമാക്കുന്നുണ്ട്. ഊരുകളുടെ പാരമ്പര്യ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് പെസാ നിയമത്തിലൂടെ ചെയുന്നത്. പാരമ്പര്യ അവകാശത്തില്‍ ഊരിന്റെ ഭൂമിയും ഉള്‍പ്പെടും.

ഇത് തിട്ടപ്പെടുത്തുന്നതോ അതിര്‍ത്തി നിശ്ചയിക്കുന്നതോ ഒരിക്കലും ഒരു ബാലി കേറാമലയല്ല. സര്‍ക്കാര്‍ സംവിധാനത്തിന് മാസങ്ങള്‍ കൊണ്ട് ചെയ്‌തെടുക്കാവുന്ന ഒരു പ്രോസ്സസ് മാത്രമാണ് ഊരുകളുടെ അതിര്‍ത്തി നിര്‍ണ്ണയവും മാപ്പിംഗും. എന്നിട്ടും ഇത് അസംഭവ്യമായ എന്തോ വലിയ ഒന്നാണ് എന്ന നിലയിലാണ് പട്ടികവര്‍ഗ്ഗ ക്ഷേമ ( ? ) വകുപ്പ് മന്ത്രി എ.കെ ബാലന്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

2017 ആഗസ്റ്റ് 9 നു മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചത് അനുസരിച്ച് പട്ടികവര്‍ഗ്ഗ പ്രദേശങ്ങള്‍ എതെല്ലാം എന്ന് നിശ്ചയിക്കുന്നതിനും ഒരു പൊതുമാര്‍ഗ്ഗ രേഖ തയ്യാറാക്കുന്നതിനും ഒരു ഉന്നത അധികാര സമിതിയെ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്‍വീനര്‍ ആയും അഡീഷണല്‍ ചീഫ് സെക്രട്ടറി വനം വകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി റവന്യൂ വകുപ്പ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ്, ഡയറക്ടര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഡയറക്ടര്‍ കിത്താര്‍ഡസ്, ഡയറക്ടര്‍ കിലെ എന്നിവരെ മെമ്പര്‍മാരായും ഒരു ഉന്നത അധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പല ഘട്ടങ്ങളില്‍ ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. എന്നു മാത്രമല്ല ഇതിലെ മെമ്പറായ കിലെ ഡയറക്ടറോട് ഈ വിഷയം ആരാഞ്ഞപ്പോള്‍ അദ്ദേഹം അറിയില്ലാ ഭാവത്തില്‍ നിശബ്ദത പാലിക്കുക മാത്രമാണ് ചെയ്തത്. ഈ ഉന്നതഅധികാര സമിതി ഇതുവരെ വിളിച്ചു ചേര്‍ത്തിട്ടില്ല എന്നാണു അനൌദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്. എന്തുതന്നെ ആയിരുന്നാലും ഇടതുപക്ഷ സര്‍ക്കാരിന് ആദിവാസി സ്വയംഭരണാവകാശം, വനാവകാശം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരു താല്പര്യം ഇല്ലെന്ന് ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഇടുക്കിയിലെയും വയനാട്ടിലെയും കുടിയേറ്റ ജനതയ്ക്കും കയ്യേറ്റ മാഫിയകള്‍ക്കും പട്ടയം നല്‍കുന്നതിനും പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും നിരവധി തവണ യോഗം ചേര്‍ന്ന ഇടതുപക്ഷ ഭരണകൂടം എന്തു കൊണ്ടാണ് ആദിവാസി ഭരണഘടനാ അവകാശമായ സ്വയംഭാരണാവകാശം നടപ്പിലാക്കുവാന്‍ ഒരിക്കല്‍ പോലും യോഗം കൂടുന്നില്ല എന്ന ചോദ്യത്തിലുണ്ട് ആദിവാസികളോടുള്ള വംശീയതയുടെയും ജാതീയതയുടെയും ഉത്തരം.

ആദിവാസികളെ പൌരനായി ഇനി എന്നാണു ഭരണകൂടം അംഗീകരിക്കുന്നത് ? അട്ടപ്പാടിയില്‍ മധുവിന്റെ വംശീയ കൊലപാതകത്തെ തുടര്‍ന്ന് സമരം ആരംഭിച്ചപ്പോള്‍ ആദിവാസികള്‍ പ്രധാനമായും ഉന്നയിച്ചത് സ്വയംഭരണാവകാശവും വനാവകാശവും നടപ്പിലാക്കണമെന്നാണ്. ഇത് സ്വാഭാവികമായി രൂപപ്പെടുന്ന ഒന്നല്ല. ഭരണകൂടത്തിന്റെ വംശീയതെയും ജാതീയതയും മറവിയെയും നവ ജനാധിപത്യ രാഷ്ട്രീയം കൊണ്ടാണ് ആദിവാസികള്‍ നവീകരിക്കുവാനും തിരുത്തിക്കുറിക്കുവാനും പോകുന്നത്.

കെ. സന്തോഷ്‌ കുമാര്‍

We use cookies to give you the best possible experience. Learn more