'ജലപീരങ്കിയും ബാരിക്കേഡുകളും ലാത്തിയുമായി കര്‍ഷകരെ അടിച്ചമര്‍ത്തി ഭരണഘടനാ ദിനം ആഘോഷിക്കുന്ന ബി.ജെ.പി'; കര്‍ഷകര്‍ക്ക് വേണ്ടി അണിനിരന്ന് സമൂഹമാധ്യമങ്ങള്‍
national news
'ജലപീരങ്കിയും ബാരിക്കേഡുകളും ലാത്തിയുമായി കര്‍ഷകരെ അടിച്ചമര്‍ത്തി ഭരണഘടനാ ദിനം ആഘോഷിക്കുന്ന ബി.ജെ.പി'; കര്‍ഷകര്‍ക്ക് വേണ്ടി അണിനിരന്ന് സമൂഹമാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th November 2020, 3:15 pm

ന്യൂദല്‍ഹി: രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുന്ന ദിവസം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ മാര്‍ച്ച് സംഘടിപ്പിക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭത്തെ ജലപീരങ്കിയും ബാരിക്കേഡുകളും ലാത്തിയുമായി അടിച്ചമര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം.

ഭരണഘടനാ ദിനത്തില്‍ തന്നെ കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെയാണ് ട്വിറ്ററില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നത്.

സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുള്ള കര്‍ഷകരെ ജലപീരങ്കി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ബി.ജെ.പിയുടെ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.

ആറുവര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പറ്റിക്കുകയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇതാണ് ഭരണഘടാനാ ദിനം ആഘോഷിക്കാനുള്ള ബി.ജെ.പിയുടെ രീതിയെന്നും അദ്ദേഹം ട്വറ്ററില്‍ പറഞ്ഞു.

ഭരണഘടനാ ദിനത്തില്‍ തന്നെ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശം കുറ്റകൃത്യമായി മാറുകയാണെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ആഷ കുമാരി പറഞ്ഞു.

 

 

 

 

പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശം ഇല്ലാതാക്കികൊണ്ടാണ് കേന്ദ്രം ഭരണഘടനയെ ബഹുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ നീതിയും, തുല്യതയും, സാഹോദര്യവുമില്ലെന്ന് ട്വീറ്റ് ചെയ്തവരും നിരവധിയാണ്.

കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാനയില്‍ തടയുകയും അവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്ത ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തിയിരുന്നു.

ഭരണഘടനാ ദിനമായ വ്യാഴാഴ്ച പ്രതിഷേധിച്ച കര്‍ഷകരെ തല്ലിച്ചതച്ച പൊലീസ് നടപടി വിരോധാഭാസമാണെന്നായിരുന്നു അമരീന്ദന്‍ സിങ് പറഞ്ഞത്.

ഭരണഘടനാ ദിനമായ ഇന്ന് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ ഭരണഘടനാപരമായ അവകാശം ഈ രീതിയില്‍ അടിച്ചമര്‍ത്തപ്പെടുന്നത് എത്ര ദു:ഖകരമാണ്. എന്തൊരു വിരോധാഭാസമാണ് ഇത്.

എം.എല്‍ ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടന്നുപോകാന്‍ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താതിരിക്കൂ. സമാധാനപരമായി അവരെ ദല്‍ഹിയിലേക്ക് കടത്തിവിടൂ’ എന്നായിരുന്നു അമരീന്ദര്‍ സിങ് ട്വിറ്ററില്‍ എഴുതിയത്.

ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ തടയുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: This is how BJP celebrates constitution day; Amid criticism over Central governments anti farmer attitude