|

ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് റദ്ദാക്കി ഭരണഘടന കോടതി: അധികാരം പുനഃസ്ഥാപിച്ച് ഹാന്‍ ഡക്ക് സൂവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റായ ഹാന്‍ ഡക്ക് സൂവിന്റെ ഇംപീച്ച്‌മെന്റ് നടപടി റദ്ദാക്കി ദക്ഷിണ കൊറിയന്‍ ഭരണഘടനാ കോടതി. ഇംപീച്ച്‌മെന്റ് നടപടി റദ്ദാക്കി ആക്ടിങ് പ്രസിഡന്റ് സ്ഥാനം പുനസ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്.

മാസങ്ങള്‍ നീണ്ട ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയിലെ ഏറ്റവും പുതിയ രാഷ്ട്രീയ വഴിത്തിരിവാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനിക നിയമ പ്രഖ്യാപനമോ, ഭരണഘടനയോ, ദക്ഷിണ കൊറിയന്‍ നിയമമോ, അദ്ദേഹം ലംഘിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി പ്രസ്താവനയില്‍ പറയുന്നു.

എട്ട് ജസ്റ്റിസുമാരില്‍ അഞ്ച് പേര്‍ ഹാന്‍ ഡക്ക് സൂവിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സാധുവാണെന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹം നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി ഉത്തരവിന് പിന്നാലെ ഹാന്‍ ഡക്ക് സൂവ് തന്റെ പദവിയിലേക്ക് തിരിച്ചെത്തുകയും കോടതി വിധിയില്‍ നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ പട്ടാള നിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയിരുന്നു, ഇതിന് പിന്നാലെയാണ് ഇടക്കാല പ്രസിഡന്റായി ഡക്ക്സൂവിനെ തെരഞ്ഞെടുത്തത്. പിന്നാലെ അദ്ദേഹവും സമാനമായി തന്നെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കപ്പെടുകയായിരുന്നു.

ആക്ടിങ് പ്രസിഡന്റായി നിയമിതനായ ഹാന്‍ ഡക്ക് സൂവ് കേവലം രണ്ടാഴ്ച മാത്രമാണ് പദവിയില്‍ ഇരുന്നത്. ഭരണഘടനാ കോടതിയിലേക്ക് മൂന്ന് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതൃത്വത്തിലുള്ള പാര്‍ലമെന്റുമായി വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് ഡിസംബര്‍ 27ന് അദ്ദേഹം ഇംപീച്ച് ചെയ്യപ്പെടുകയായിരുന്നു.

192-0 വോട്ടിന് നിയമസഭ അംഗീകരിച്ചാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഭരണകക്ഷി നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിനായിരുന്നു ദേശീയ അസംബ്ലിയില്‍ മുന്‍തൂക്കമുണ്ടായിരുന്നത്.

Content Highlight: Constitutional Court overturns impeachment of South Korean acting president: Han Duk-soo restored to power

Latest Stories

Video Stories