തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാ പുസ്തകങ്ങളിലും ഭരണഘടനാ ആമുഖവും ഉൾപ്പെടുത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ആദ്യമായി രക്ഷകർത്താക്കൾക്കുള്ള പുസ്തകവും പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തോടുള്ള രക്ഷിതാക്കളുടെ സമീപനം, കുട്ടികളുടെ ശാരീരിക, മാനസിക വികാസം തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞു. മലയാള അക്ഷരമാലയും എല്ലാ പുസ്തകങ്ങളിലും ഉൾപ്പെടുത്തുന്നുണ്ട്.
നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യപദ്ധതിയാണ് തയ്യാറാക്കിയത് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മുഗൾ രാജാക്കന്മാരുടെ ഭരണപരിഷ്കാരം, മഹാത്മാഗാന്ധിയുടെ വധം, ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി ആയപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങൾ തുടങ്ങി എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ പാഠഭാഗങ്ങളെല്ലാം എസ്.സി.ഇ.ആർ.ടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അങ്ങനെ കുട്ടികൾക്ക് പഠിക്കാൻ വേണ്ടിയുള്ള പാഠപുസ്തകം ആക്കിമാറ്റിയെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങൾ ഏതെങ്കിലും വിഭാഗത്തിന് വേണ്ടിയുള്ളതാകാൻ പാടില്ലെന്നും അത്തരം നീക്കങ്ങൾ കേരളം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
1, 3, 5, 7, 9 ക്ലാസുകളിലെ പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തിൽ മാറുന്നത്. 10 വർഷങ്ങൾക്ക് ശേഷമാണ് പാഠപുസ്തകങ്ങൾ മാറുന്നത്.
അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ തൊഴിൽ വിദ്യാഭ്യാസം നൽകുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം, കൃഷി, ഐ.ടി, ടെക്സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവയാണ് ഇതിൽ ഉൾപ്പെടുക.
കായിക രംഗം, മാലിന്യപ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി ഉൾകൊള്ളുന്ന ലിംഗ അവബോധം, ശാസ്ത്ര ബോധം, പോക്സോ നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മത നിരപേക്ഷത തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ പാഠപുസ്തകങ്ങൾ പഠിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട് എന്നതും ഈ തവണത്തെ സവിശേഷതയാണെന്ന് മന്ത്രി പറഞ്ഞു.
Content Highlight: Constitution Preamble in all Textbooks; New textbooks according to revised curriculum to be released next year