| Monday, 5th February 2024, 1:48 pm

ഐസക്കിന് പിന്നാലെ ബാലഗോപാലും; ഇത്തവണ ബജറ്റിൽ കവർ ചിത്രം ഭരണഘടനാ ആമുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് കവർ ചർച്ചയാകുന്നു. ഭരണഘടനയുടെ ആമുഖമാണ് ബജറ്റിന്റെ കവർ ചിത്രമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ നാലാമത് ബജറ്റാണ് ഫെബ്രുവരി അഞ്ചിന് ബാലഗോപാൽ അവതരിപ്പിച്ചത്.

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നടപടികളാണെന്ന ചർച്ചകൾ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ബജറ്റ് കവറിൽ ഭരണഘടന സ്ഥാനം പിടിച്ചത് എന്നത് ശ്രദ്ധേയമാണ്.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസം സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേർ ഭരണഘടനാ ആമുഖം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ഭരണഘടനാ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഇല്ലാതിരുന്നതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിൽ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ കവർ ചിത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോം വട്ടക്കുഴിയെന്ന മലയാളി വരച്ച ഗാന്ധി വധമെന്ന ചിത്രമായിരുന്നു ഐസക് ബജറ്റ് കവറിനായി തെരഞ്ഞെടുത്തത്.

അതേസമയം കേന്ദ്ര അവഗണന തുടരുകയാണെങ്കിൽ പ്ലാൻ ബിയെ കുറിച്ച് കേരളത്തിന് ചിന്തിക്കേണ്ടി വരുമെന്ന് ബാലഗോപാൽ ബജറ്റ് പ്രസംഗത്തിനിടയിൽ പറഞ്ഞു.

Content Highlight: Constitution Preamble as Cover Photo in Balagopal’s Budget

Latest Stories

We use cookies to give you the best possible experience. Learn more