ന്യൂദല്‍ഹി: നിലവിലുള്ള സാമൂഹിക ആചാരങ്ങളുമായി പലപ്പോഴും ഭരണഘടനാ പിരിമുറക്കത്തിലാവുന്നുണ്ടെങ്കിലും പൂര്‍ണമായും ഭരണഘടനയുടെ ധാര്‍മികതയെ തള്ളിക്കളയരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം നടത്തിയത്.
ചില ഭരണഘടനാ മൂല്യങ്ങള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. മറ്റു അധികാരപരിധികളില്‍ നിന്ന് കടമെടുത്ത ആശയങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച് ഭരണഘടനയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഭരണഘടന തന്നെ കടമെടുത്ത വാചകമാണെന്ന് ചിലര്‍ വാദിക്കുന്നതായും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
മതം, ജാതി, വംശീയത, മറ്റു സാംസകാരിക ഇടങ്ങളില്‍ പൗരന്മാര്‍ ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഭരണഘടന തന്നെ സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഭരണഘടന രൂപീകരിച്ചതിന് ശേഷം നൂറിലധികം തവണ അതിന്റെ ഉള്ളടക്കത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
‘തനതായ നിരവധി വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍, നിര്‍ദേശക തത്വങ്ങളുടെ (ഡി.പി.എസ്.പി) ഉള്ളടക്കങ്ങള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. സൗജന്യ നിയമസഹായം, ത്രിതല പഞ്ചായത്തുകള്‍ വഴിയുള്ള പ്രാദേശിക ഭരണം, പരിസ്ഥിതി സംരക്ഷണമെല്ലാം ഡി.പി.എസ്.പിയിലെ പ്രധാന ആശയങ്ങളാണ്,’ സി.ജെ.ഐ പറഞ്ഞു.
Content Highlight: Constitution of India universally accepted by: Chief Justice D.Y. Chandrachud