| Wednesday, 11th December 2019, 1:16 pm

'മോദിയെ കണ്ടിരുന്നെങ്കില്‍ സര്‍ദാര്‍ പട്ടേല്‍ രോഷാകുലനായേനെ, ഗാന്ധി ദുഃഖിച്ചേനെ'; ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയെക്കാള്‍ വലുതാണെന്നും ആനന്ദ് ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. ബില്ലിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് ആദ്യം ചര്‍ച്ചയില്‍ സംസാരിച്ചത്. ബി.ആര്‍ അംബേദ്കറെ അവഹേളിക്കുന്നതാണ് ബില്ലെന്നു പറഞ്ഞ ശര്‍മ, ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണെന്ന് ഓര്‍മിപ്പിച്ചു. ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബില്‍ ഇന്ത്യയുടെ ആത്മാവിനെ വേദനിപ്പിക്കുന്നത്. അതു ധാര്‍മിക പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു. എന്തിനാണ് പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കുന്നതില്‍ ഇത്ര ധൃതി കാണിക്കുന്നത്? അത് സ്റ്റാന്റിങ് പാനലിലേക്ക് അയക്കുകയാണു വേണ്ടത്. നമ്മള്‍ സ്ഥാപക പിതാക്കന്മാരെ ചോദ്യം ചെയ്യുകയാണോ?

2016-ലെ ബില്ലും 2019-ലെ ബില്ലും തമ്മില്‍ ഒട്ടേറെ വ്യത്യാസമുണ്ട്. ഈ ബില്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. സര്‍ദാര്‍ പട്ടേല്‍ മോദിയെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം രോഷാകുലനായേനെ. ഗാന്ധിജി ദുഃഖിച്ചേനെ. പക്ഷേ പട്ടേല്‍ രോഷാകുലനാകാനാണു സാധ്യത.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദ്വിരാഷ്ട്ര സിദ്ധാന്തം വേണമെന്ന് ആവശ്യപ്പെട്ടത് ജിന്നയല്ല, സവര്‍ക്കറാണെന്നും അദ്ദേഹം പറഞ്ഞു. 1937-ല്‍ ഗുജറാത്തില്‍ ഹിന്ദു മഹാസഭയാണ് അത് അവതരിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അസമിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘അസമില്‍ എന്തുകൊണ്ടാണ് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നത്? എന്തുകൊണ്ടാണു ജനങ്ങള്‍ അവിടെ പ്രതിഷേധിക്കുന്നത്? ആഭ്യന്തരമന്ത്രി ഒരു പ്രതിനിധി സംഘത്തെ തടവുകേന്ദ്രത്തിലേക്ക് അയച്ച്, അവിടുത്തെ സാഹചര്യം കാണണം.

600 ആളുകളാണ് അവിടെ അഞ്ചു മുറികളിലായി കഴിയുന്നത്. ഇതു നമ്മളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിഭജനത്തിനു ശേഷം ജനങ്ങള്‍ പാക്കിസ്ഥാന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുനിന്നു വന്നിരുന്നോയെന്നും അവര്‍ക്ക് പൗരത്വം ലഭിച്ചിരുന്നോയെന്നും ചോദിച്ച ശര്‍മ, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്ങും ഐ.കെ ഗുജ്‌റാളും അവിടെനിന്നാണു വന്നതെന്നു ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more