ദുരന്തമുഖത്തു നിന്നും കരകയറുന്നതിനിടെ കേരളം നേരിടേണ്ടിവന്നത് പ്രകൃതിക്ഷോഭത്തെയും അതു സൃഷ്ടിച്ച ആഘാതങ്ങളെയും മാത്രമായിരുന്നില്ല. വലിയ തോതിലുള്ള വ്യാജപ്രചരണങ്ങളും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും ചേര്‍ന്ന് പലതവണയാണ് രക്ഷാപ്രവര്‍ത്തകരുടെയും പ്രളയബാധിതരുടേയും ആത്മവീര്യം കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. കേരളത്തിനു സഹായം നല്‍കരുതെന്ന സംഘപരിവാര്‍ ക്യാംപയിനിനും ദേശീയമാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ പരിപൂര്‍ണമായ അവഗണനയ്ക്കുമൊപ്പം ഉയര്‍ന്നു വന്ന മറ്റൊരു ചര്‍ച്ചയായിരുന്നു സൈന്യത്തിന്റെ ഇടപെടല്‍.
രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തിനു വിട്ടു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അതിനു തയ്യാറാകാത്തത് ദുരന്തബാധിതരുടെ ജീവിതത്തിനു തന്നെ ഭീഷണിയാണെന്നുമുള്ള പ്രചരണം ഗൗരവമായ പ്രശനങ്ങളാണ് സൃഷ്ടിച്ചത്. സംസ്ഥാനത്ത് വേണ്ടത്ര കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്നും, ദുരന്തം നിയന്ത്രണാതീതമായി മാറുമെന്നുമുള്ള ഭയം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഒരു പരിധി വരെ ഈ വാദങ്ങള്‍ക്കായിട്ടുണ്ട്. പ്രദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും പരിശീലനം സിദ്ധിച്ച വിദഗ്ധരോടൊപ്പം കൈമെയ് മറന്നും ജീവന്‍ പണയം വച്ചും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോഴാണ് സുരക്ഷിതരായി കരയിലിരുന്നവര്‍ ഇത്തരം പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്.
സൈനിക വേഷം ധരിച്ച് ലൈവിലെത്തിയ ഒരു വ്യക്തിയുടെ ബാലിശമായ വാദങ്ങളും ഈ ചര്‍ച്ചയ്ക്ക് ആക്കം കൂട്ടി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ എത്രത്തോളം ഇടപെടാം? പൂര്‍ണമായ ഉത്തരവാദിത്തവും അധികാരവും സൈന്യത്തിന് കൈമാറുക എന്നത് സാധ്യമായ കാര്യമാണോ? സൈന്യത്തെ ചുമതല ഏല്‍പ്പിച്ച് കാഴ്ചക്കാരാകാന്‍ സംസ്ഥാന സര്‍ക്കാരിലാകുമോ? ദേശീയ തലത്തില്‍ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ കെ. പ്രസന്നന്‍ സംസാരിക്കുന്നു. പ്രതിരോധ മേഖലയിലും വിദേശകാര്യരംഗത്തും വിദഗ്ധനായ ഇദ്ദേഹം 28 വര്‍ഷമായി മിലിറ്ററി റിപ്പോര്‍ട്ടിംഗ് നടത്തുന്നു.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ പോന്നത്ര കാര്യക്ഷമമായ ഒരു രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ സംഘടിതമായി നടന്നത്. ആര്‍മിയും നേവിയും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളുമെല്ലാം ചേര്‍ന്ന് നടത്തിയ നീക്കം വിജയകരമായി പുരോഗമിച്ചപ്പോഴും, രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സൈന്യത്തിനു കൈമാറണമെന്ന മുറവിളി പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് സൈന്യത്തിന് പൂര്‍ണ ചുമതല നല്‍കാത്തതെന്നും, അതു നല്‍കിയാല്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളെ രക്ഷപ്പെടുത്താനായേനെ എന്നുമുള്ള പ്രചരണം വളരെ സജീവമായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സൈന്യത്തിന് പൂര്‍ണ നിയന്ത്രണം കൈമാറാനാകുമോ? അത്തരത്തിലുള്ള ഒരു സംവിധാനം നിലവിലുണ്ടോ?
ഒരിക്കലുമില്ല. നമ്മുടേത് ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു ഭരണഘടനയാണ്. ഇവിടെ നിലവിലുള്ള നിയമങ്ങളെല്ലാം ആ ഭരണഘടനയില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതിലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് സൈന്യത്തിന് ഒരിക്കലും ഒരിടത്തും പൂര്‍ണ നിയന്ത്രണം കൊടുക്കില്ല, കൊടുക്കാന്‍ പാടില്ല. അങ്ങിനെയൊരു നിയമം ഒരിടത്തും പരാമര്‍ശിക്കുന്നു പോലുമില്ല. വലിയ insurgecy-hit ആയിട്ടുള്ള സ്ഥലങ്ങളില്‍, അതായത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍ പോലുള്ളയിടങ്ങളില്‍ കലാപങ്ങളുണ്ടാകുമ്പോള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ അയയ്ക്കാറുണ്ടല്ലോ. അപ്പോള്‍ പോലും special powers act പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ സൈന്യത്തെ നിയോഗിക്കാറുള്ളൂ.
ഇവിടെ അത്തരത്തിലുള്ള ഒരു സാഹചര്യം അല്ലല്ലോ. ആര്‍മിയ്ക്ക് പൂര്‍ണാധികാരം അനുവദിച്ചു നല്‍കാറുമില്ല, ആര്‍മി അതാവശ്യപ്പെടാറുമില്ല. ഒരു സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്ന സൈന്യം terrain blind ആണ്. ആ പദം സൂചിപ്പിക്കുന്നതു പോലെ, എത്തിപ്പെടുന്ന സ്ഥലത്തെ ഭൂപ്രകൃതിയെക്കുറിച്ച് സൈന്യത്തിന് യാതൊരറിവും ഉണ്ടാവില്ല. കന്റോണ്‍മെന്റിലോ സൈനികാസ്ഥാനത്തോ ഇരിക്കുന്നവര്‍ക്ക് കേരളത്തിന്റെ ഭൂമിശാസ്ത്രം അറിയില്ല. ഇവിടെ എത്ര നദികളുണ്ട്, എവിടെയെല്ലാമാണ് മലകളുള്ളത്, എവിടെയാണ് ടൗണുകള്‍ ഇതൊന്നും അറിയാന്‍ അവര്‍ക്ക് നിര്‍വാഹമില്ല. ഈ terrain മുഴുവന്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നത് ഭരണകൂടമാണ്. ജില്ലാ കലക്ടര്‍മാര്‍, റെവന്യു അധികൃതര്‍ എന്നിവരാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ഇവരുടെ നിര്‍ദ്ദേശങ്ങളില്ലാതെ സൈന്യത്തിന് ഒരിക്കലും പ്രവര്‍ത്തിക്കാനാവില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നിയമനിര്‍മാണം നടത്തിയിട്ടുള്ളത്. അതായത് സൈന്യം എവിടെ വന്നാലും അവിടുത്തെ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ.
രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടിയായാല്‍ പോലും പൂര്‍ണാധികാരം സൈന്യത്തിന് വിട്ടു നല്‍കുന്ന നീക്കം ഇന്നേവരെ എവിടെയും നടന്നിട്ടുമില്ല, നടക്കുകയുമില്ല. ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ എപ്പോഴും അവര്‍ക്കൊപ്പം പ്രതിനിധികളെ അയയ്ക്കും. ഓപ്പറേഷന്റെ സമ്പൂര്‍ണ മേല്‍നോട്ടത്തിന്റെ ചുമതല ചീഫ് സെക്രട്ടറിയ്ക്കായിരിക്കുകയും ചെയ്യും. പ്രായോഗിക തലത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം മാത്രമേ സൈന്യത്തിന് എപ്പോഴും ഉണ്ടാവുകയുള്ളൂ. എത്ര ഹെലികോപ്റ്ററുകള്‍ തയ്യാറാക്കണം, എത്ര ബോട്ടുകള്‍ വേണ്ടിവരും എന്നിങ്ങനെ ഓപ്പറേഷനെക്കുറിച്ചുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ കമാന്‍ഡിംഗ് ഓഫീസറാണ് തീരുമാനിക്കുക. പ്രശ്‌നബാധിത മേഖലകള്‍ ഏതെല്ലാമാണ്, എന്തെല്ലാമാണ് അവിടങ്ങളില്‍ ചെയ്യേണ്ടത്, scheme of operation എന്തായിരിക്കണം എന്നു തുടങ്ങിയ കാര്യങ്ങള്‍ എപ്പോഴും സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ അധികാര പരിധിയില്‍ വരുന്നതാണ്. സൈന്യവുമായി യോജിച്ചാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നുമാത്രം.
ഇങ്ങനെയുള്ള നിയമങ്ങളും പ്രോട്ടോക്കോളുകളും നിലനില്‍ക്കുമ്പോഴും, സൈന്യത്തിന്റെ ഇടപെടല്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയ തോതിലുള്ള പ്രചരണങ്ങളാണ് കേരളത്തില്‍ നടന്നത്. എങ്ങനെയായിരിക്കും ഇത്തരത്തിലൊരു വിശ്വാസം ഉടലെടുക്കുന്നത്? എവിടുന്നാണ് ഈ നറേറ്റീവ് ഉണ്ടായിവരുന്നത്?
സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത്തരത്തിലൊരു അഭിപ്രായം പ്രചരിക്കുന്നതായി കാണുന്നത്. സൈന്യം വന്നാല്‍ എല്ലാം ശരിയാകും എന്ന അന്ധമായ വിശ്വാസം പുലര്‍ത്തുന്ന ധാരാളം ആളുകളുണ്ട്. ഒരുപക്ഷേ സിവില്‍ ഗവണ്‍മെന്റുകളോടോ രാഷ്ട്രീയപ്രവര്‍ത്തകരോടോ ഉള്ള അവജ്ഞ കൊണ്ടാവാം അളുകള്‍ അത്തരത്തിലൊരു അഭിപ്രായത്തിലെത്തുന്നത്. ആവേശത്തിന്റെ പുറത്ത് ആ ചിന്ത പ്രചരിപ്പിക്കാം എന്നല്ലാതെ, ഇന്ത്യയിലൊരിടത്തും നടന്നിട്ടുള്ള കാര്യമല്ല ഇത്. സോഷ്യല്‍ മീഡിയയിലെ ഓവര്‍ എക്‌സൈറ്റ്‌മെന്റിന്റെ ഭാഗമാണത്.
സൈന്യത്തിന്റെ ഇടപെടലിനെക്കുറിച്ച് തെറ്റായ ഒരു ബോധ്യം ജനങ്ങളിലെത്തിച്ചതില്‍ പ്രധാന പങ്ക് കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സൈനിക വേഷം ധരിച്ച് ലൈവില്‍ വന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ ഒരു വ്യക്തിയ്ക്കാണ്. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയാല്‍ രക്ഷാപ്രവര്‍ത്തനം ത്വരിതമായി നടക്കുമെന്നും മുഖ്യമന്ത്രി അതിനു തയ്യാറാകാത്തത് ദുരന്തത്തിന്റെ ആഘാതം കൂട്ടുമെന്നും ഒരു സൈനിക ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടുകൊണ്ട് അയാള്‍ പറഞ്ഞപ്പോള്‍ ജനം അത് മുഖവിലയ്‌ക്കെടുത്തിരുന്നു. പിന്നീട് ഇയാള്‍ സൈനിക വേഷം ധരിച്ച ആള്‍മാറാട്ടക്കാരനാണെന്ന് ഔദ്യോഗിക വിശദീകരണം വന്നെങ്കിലും, അതു തെറ്റാണെന്നും ഈ വ്യക്തി പ്രതിരോധ സേനയിലെ അംഗം തന്നെയാണെന്നും അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പലരും കുറിയ്ക്കുന്നുണ്ട്.
കൃത്യമായി അറിയില്ലെങ്കിലും, ഞാന്‍ കേട്ടത് രണ്ടു വിശദീകരണങ്ങളാണ്. ഒന്ന്, അദ്ദേഹം ഡിഫന്‍സ് സെക്യൂരിറ്റി കോറിലുള്ള ആളാണെന്നാണ്. അങ്ങിനെയാണെങ്കില്‍ അദ്ദേഹം സൈന്യത്തില്‍ നിന്നും വിരമിച്ചയാളാണ്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ എന്നത് വിരമിച്ച സൈനികരെ വീണ്ടും ഉദ്യോഗത്തിലെടുത്ത് defence installations ന് സംരക്ഷണം നല്‍കാന്‍ നിയോഗിക്കുന്ന, സി.ഐ.എസ്.എഫ് പോലെയുള്ള മറ്റൊരു ഫോഴ്‌സ് ആണ്. അത് സൈന്യത്തിന്റെ ഭാഗമല്ല. മറ്റൊരു വിശദീകരണം കേട്ടത്, അദ്ദേഹം ടെറിട്ടോറിയല്‍ ആര്‍മിയിലെ അംഗമാണ്. അതാകട്ടെ, ഒരു സന്നദ്ധ സേനയാണ്. ചലച്ചിത്ര താരങ്ങള്‍ക്കെല്ലാം ബഹുമാന സൂചകമായി സൈനിക പദവികള്‍ നല്‍കാറുണ്ടല്ലോ, അവരെല്ലാം ഈ ടെറിട്ടോറിയല്‍ ആര്‍മിയിലെ അംഗങ്ങളാണ്. ആവശ്യപ്പെടുന്നതനുസരിച്ച് അല്‍പകാലം സൈനിക സേവനം നടത്തി ഇവര്‍ക്കു തിരികെ വരാന്‍ സാധിക്കും. അങ്ങിനയാണെങ്കിലും അത് സൈന്യത്തിന്റെ ഭാഗമല്ല. ലൈവില്‍ വന്നയാള്‍ ഇവയില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നെന്നറിയില്ല.
ഈ വീഡിയോ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ഒരു ഗ്രൂപ്പില്‍ വന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കണ്ടയുടന്‍ തന്നെ സൈനികാസ്ഥാനത്തേക്ക് ഞാനത് റെഫര്‍ ചെയ്തിരുന്നു. വീഡിയോയിലെ വ്യക്തി ആര്‍മിയിലുള്ള ആരുമാണെന്നു തോന്നുന്നില്ലെന്നാണ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ അഡീഷനല്‍ ഡയറക്ടറേറ്റില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇനി അഥവാ ഇദ്ദേഹം സൈന്യത്തിന്റെ ഭാഗമാണെങ്കില്‍, അത് വളരെ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും, വളരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
സൈനികോദ്യോഗസ്ഥന്‍ പറയുന്നത് എന്ന തരത്തില്‍ പ്രചരിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് വിശ്വാസ്യത കൂടുന്നതായി പലരും പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന് സൈനികര്‍ക്ക് നിയമപരമായ വിലക്കുകളില്ലേ? റാങ്കുകളും പ്രോട്ടോക്കോളുമനുസരിച്ച് ഇത്തരം പരസ്യപ്രസ്താവനകള്‍ ന്യായീകരിക്കാനാകുമോ?
ഒരു സൈനികോദ്യോഗസ്ഥന്‍ ഒരിക്കലും ഇത്തരം കമന്റുകള്‍ പറയാന്‍ പാടില്ല. ഇന്ത്യന്‍ ആര്‍മി എന്നത് ലോകത്തേറ്റവും അച്ചടക്കം പാലിക്കുന്ന സൈനികശക്തികളിലൊന്നാണ്. ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ കൊല്ലത്തെ regimentary traditions ഉള്ള സൈന്യമാണ് നമ്മുടേത്. ശരിയായ ഒരു ആര്‍മി ഓഫീസര്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു കമന്റ് പറയില്ല. വീഡിയോയിലല്ലാതെ സ്വകാര്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തിയാല്‍ പോലും, സൈനിക വേഷം ധരിച്ചുകൊണ്ട് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഒരിക്കലും നടത്തില്ല.
ഈ വ്യക്തി യഥാര്‍ത്ഥത്തില്‍ സൈനികനാണെങ്കില്‍, ഇയാള്‍ കൂടുതല്‍ കര്‍ശനമായ നടപടികളാണ് നേരിടേണ്ടി വരിക. മേജര്‍ ജനറലിന് താഴെ റാങ്കുകളിലുള്ളവരൊന്നും ഇത്തരം കമന്റുകള്‍ ഒരിക്കലും നടത്താന്‍ പാടില്ലാത്തതാണ്. മേജര്‍ ജനറല്‍ റാങ്കിലുള്ളവര്‍ പോലും യഥാര്‍ത്ഥത്തില്‍ ഇത്തരം രാഷ്ട്രീയ പ്രസ്താവനകള്‍ക്കു മുതിരാറില്ല. ആര്‍മി ചീഫിനെതിരെ വരെ സമാനമായ വിഷയങ്ങളില്‍ നടപടിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വിദേശരാജ്യത്തിനെതിരെ പറയരുതാത്ത രീതിയിലുള്ള കമന്റ് അദ്ദേഹം നടത്തിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അത്.
ആര്‍മി ഒരു disciplined force ആണ്. അവര്‍ ഒരിക്കലും രാഷ്ട്രീയപരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അവരത് ചെയ്യാറുമില്ല. വ്യക്തിപരമായി അവരുടെ രാഷ്ട്രീയ വീക്ഷണം എന്തു തന്നെയാണെങ്കിലും, പൊതു മധ്യത്തില്‍ അതു പറയാന്‍ അവരുടെ പ്രോട്ടോക്കോള്‍ അനുവദിക്കുന്നുമില്ല. നമ്മുടെ ജനാധിപത്യം ഇത്രനാള്‍ അജയ്യമായി നിലനിന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്. സൈന്യം ഒരിക്കലും ഒരു രാഷ്ട്രീയ പ്രശ്‌നത്തില്‍ ഇടപെടുകയോ കമന്റ് പറയുകയോ ചെയ്യാത്തത് അതു കൊണ്ടുതന്നെയാണ് ഒരു വലിയ പാരമ്പര്യമായി കരുതപ്പെടുന്നത്. ഇന്ത്യന്‍ ആര്‍മി ഒരിക്കലും ഒരു തെമ്മാടി ആര്‍മി അല്ല.