| Sunday, 19th March 2023, 5:32 pm

ഭരണഘടന ഭഗവത് ഗീത; ഈ രാജ്യം പുരാതനമായ ഹിന്ദു നാഗരിക രാഷ്ട്രത്തിന്റെ പുനര്‍ജീവനം: കൈലാസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയെ സംബന്ധിച്ച് ട്വിറ്ററിലെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കൈലാസ. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ പ്രസ് സെക്രട്ടറിയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത മാധ്യമങ്ങളെയും വാര്‍ത്താ ഏജന്‍സികളെയും വെച്ച് നടത്തിയ ചോദ്യോത്തരവേളയിലാണ് കൈലാസ മറുപടികള്‍ നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്, ലൈവ് മിന്റ് മുതലായ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുരാതനമായ ഹിന്ദു നാഗരിക രാഷ്ട്രത്തിന്റെ പുനര്‍ജീവനമാണ് ഈ രാഷ്ട്രമെന്നാണ് കൈലാസയുടെ ആധികാരികതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് പ്രസ് സെക്രട്ടറി മറുപടി നല്‍കിയത്. കൈലാസയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള എന്‍.ജി.ഒകളുടെയും ക്ഷേത്രങ്ങളുടെയും ആശ്രമത്തിന്റെയും പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൈലാസ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലിംഗം, വംശം, ദേശം, നിറം, ജാതി തുടങ്ങി ഒരു വേര്‍തിരിവുമില്ലാത്ത ആഗോള സമാധാനമാണ് കൈലാസ ലക്ഷ്യമിടുന്നതെന്നും പറയുന്നുണ്ട്.

യു.എന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കൈലാസ പ്രതിനിധിയായ വിജയപ്രിയക്ക് എങ്ങനെ അവസരം ലഭിച്ചുവെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

സ്ത്രീ വിവേചനത്തിനെതിരെയുള്ള സെഷനിലാണ് വിജയപ്രിയ പങ്കെടുത്തതെന്നും അതില്‍ ഹിന്ദു സ്ത്രീകളുടെ വംശഹത്യയെ കുറിച്ചും വിജയപ്രിയ സംസാരിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘ഹിന്ദു പീഡനത്തിനെതിരെയുള്ള ശബ്ദമാകാന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗിച്ചു. ഹിന്ദുത്വ വിരുദ്ധ ശക്തികള്‍ കൈലാസയെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കൈലാസയുടെ ഭരണഘടനയുടെ ആമുഖം ഭഗവത് ഗീതയാണെന്നും നിയമാവലികള്‍ ധര്‍മശാസ്ത്രമാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു.

വൈവിധ്യമായ സംസ്‌കാരങ്ങളെ നന്നായി മനസിലാക്കാനും ആഗോള സമാധാനം സ്ഥാപിക്കാനും വേണ്ടിയാണ് സഹോദര നഗര കരാര്‍ ഏര്‍പ്പാടാക്കിയതെന്നും പ്രസ് ഓഫീസ് പറഞ്ഞു.

നിത്യാനന്ദയുടെ ലൈംഗിക കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവയൊക്കെ ഇല്ലാത്ത ആരോപണങ്ങളാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൈലാസ.

കഴിഞ്ഞ ദിവസം കൈലാസയുമായി 30 അമേരിക്കന്‍ രാജ്യങ്ങള്‍ സാസ്‌കാരിക പങ്കാളിത്തത്തിന് സഹോദര നഗര കരാര്‍ ഒപ്പിട്ടെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ കൈലാസയുമായി ഉണ്ടാക്കിയ സഹോദര നഗര കരാര്‍ അമേരിക്കന്‍ കമ്പനിയായ നെവാര്‍ക്ക് റദ്ദാക്കിയിരുന്നു. കൈലാസയുമായി കരാര്‍ ഉണ്ടാക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും പിന്‍വലിക്കുകയാണെന്നുമാണ് അന്ന് അധികൃതര്‍ അറിയിച്ചത്.

അതേസമയം റിച്ച്‌മോണ്ട്, വെര്‍ജീനിയ, ഒഹായോ, ബ്യൂണ പാര്‍ക്ക്, ഫ്‌ളോറിഡ തുടങ്ങിയ നഗരങ്ങളാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

നിത്യാനന്ദ ഒരുപാട് പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇതിലൂടെ ഫോക്‌സ് ന്യൂസ് കണ്ടെത്തുകയായിരുന്നു.

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ പൊലീസ് അന്വേഷണത്തിനിടെ ഇന്ത്യ വിടുകയായിരുന്നു. പിന്നീട് പുതിയ രാജ്യം സ്ഥാപിച്ചെന്ന ആഹ്വാനവുമായി ഇയാള്‍ രംഗത്തെത്തി. 2019ലാണ് താന്‍ സ്വന്തമായൊരു രാജ്യം നിര്‍മിച്ചിട്ടുണ്ടന്ന് സമൂഹ മാധ്യമം വഴി നിത്യാനന്ദ അറിയിച്ചത്.

content highlight: constitution Bhagwat Gita; This kingdom is the revival of the ancient Hindu civilization state: Kailasa

We use cookies to give you the best possible experience. Learn more