കൊച്ചി: രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകളിലെ സമന്‍സുകള്‍ കോടതികള്‍ തുടര്‍ച്ചയായി സ്‌റ്റേ ചെയ്യുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടിയാകുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നല്‍കിയ സമന്‍സില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം സഹകരണ രജിസ്റ്റാര്‍ക്ക് നല്‍കിയ സമന്‍സ് രണ്ടാം തവണയും കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തതിരുന്നു.
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണങ്ങളുടെ പേരില്‍ രാഷ്ട്രീയ നേതാക്കളെയും പ്രമുഖരെയും വിളിച്ചു വരുത്താനായി ഇ.ഡി നല്‍കുന്ന സമന്‍സുകളില്‍ നടപടികള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സമന്‍സുകള്‍ സ്‌റ്റേ ചെയ്യുന്നത്. സഹകരണ രജിസ്റ്റാര്‍ക്ക് നല്‍കുന്ന സമന്‍സ് രണ്ടാം തവണയാണ് കോടതി സ്‌റ്റേ ചെയ്യുന്നത്. സഹകരണ ബാങ്കുകളിലെ സഞ്ചിത നിധിയുമായി ബന്ധപ്പെട്ട് നല്‍കിയ സമന്‍സാണ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. നേരത്തെ കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസിലും സഹകരണ രജിസ്റ്റാര്‍ക്ക് ഇ.ഡി നല്‍കിയ സമന്‍സും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഈ രീതിയില്‍ കേരളത്തിലെ വിവിധ കേസുകളില്‍ ഇ.ഡിക്ക് കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നത് കേസുകളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കേസുകളില്‍ പലതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ആരോപണ വിധേയരുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് കോടതികളില്‍ നിന്ന് ഇ.ഡിക്ക് തിരിച്ചടി നേരിടുന്നത് ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രാദേശിക നേതാവ് അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് വിവരങ്ങളുമായി ബന്ധപ്പെട്ടും ഇ.ഡി കോടതിയില്‍ പ്രതിരോധത്തിലായിരുന്നു. അരവിന്ദാക്ഷന്റെ മാതാവിന് പെരിങ്ങണ്ടൂര്‍ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേമുണ്ടെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ അരവിന്ദാക്ഷന്റെ മാതാവിന് പ്രസ്തുത കോടതിയില്‍ അക്കൗണ്ട് പോലുമില്ലെന്ന് കോടതിയില്‍ തെളിഞ്ഞത് ഇ.ഡിയെ വെട്ടിലാക്കിയിരുന്നു.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതും ഇ.ഡിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
content highlights: Constant setbacks for ED; The High Court quashed the second summons issued to the Register of Cooperatives