| Sunday, 3rd December 2023, 1:40 pm

തുടർച്ചയായ ഗ്രൂപ്പ് പോര്; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നൽകുന്ന പാഠം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: രാജസ്ഥാനിൽ ഭരണതുടർച്ച മോഹിച്ച കോൺഗ്രസിന് വിനയായത് ഗ്രൂപ്പ് പോര്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കമാണ് രാജസ്ഥാൻ രാഷ്ട്രീയ ഭൂപടത്തിൽ കഴിഞ്ഞ അഞ്ച് വർഷവും നിറഞ്ഞുനിന്നത്.

സച്ചിൻ പൈലറ്റ് പാർട്ടി വിട്ടുപോയേക്കുമെന്ന അഭ്യൂഹങ്ങൾ നില നിന്നപ്പോഴും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത അതൃപ്തിയുണ്ടായിട്ടും പാർട്ടിയിൽ തന്നെ തുടർന്ന പൈലറ്റിനെ പിണക്കാതിരിക്കാൻ കോൺഗ്രസ്‌ ഹൈകമാൻഡും ശ്രദ്ധിച്ചിരുന്നു.

പൈലറ്റ് പക്ഷത്തുള്ള 40 എം.എൽ.എമാരെ ജനസമ്മതി ഇല്ലാതിരുന്നിട്ടും ഗ്രൂപ്പ് പോരിന് വഴങ്ങി മത്സരിപ്പിക്കുകയായിരുന്നു. ഇതും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നുണ്ട്.

നിലവിൽ ആകെയുള്ള 199 സീറ്റുകളിൽ 109ലും ബി.ജെ.പി മുന്നിട്ട് നിൽക്കുമ്പോൾ 72 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നിട്ട് നിൽക്കാനായത്.

തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിരീക്ഷകർ ബി.ജെ.പിക്ക് വിജയം ഉറപ്പിച്ചിരുന്ന ഏക സംസ്ഥാനവും രാജസ്ഥാനായിരുന്നു.

രാജസ്ഥാനിൽ വസുന്ധര രാജെയുടെ പ്രഭാവം ബി.ജെ.പിക്ക് ഗുണം ചെയ്തപ്പോൾ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ അത്തരമൊരു പ്രഭാവം സൃഷ്ടിക്കാൻ സാധിക്കാതെ വന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സച്ചിൻ പൈലറ്റിന്റെ വീഡിയോ കോൺഗ്രസിന്റെ യുവ നേതാവ് എന്ന് പരാമർശിച്ചുകൊണ്ട് ഗെഹ്‌ലോട്ട് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷത്തിലെ ഇത്തരം നീക്കങ്ങളൊന്നും രാജസ്ഥാനിൽ ചലനം സൃഷ്ടിച്ചില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വോട്ടെണ്ണലിന്റെ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് 19,000 വോട്ടിന് മുന്നിട്ട് നിൽക്കുകയാണ്. അതേസമയം ലീഡ് നിലയിൽ സച്ചിൻ പൈലറ്റ് പരുങ്ങലിലാണ്. 10,000 വോട്ടിന്റെ ലീഡാണ് പൈലറ്റിനുള്ളത്.

Content Highlight: Constant Power Struggle; Lessons to Congress from Rajasthan Election Results

We use cookies to give you the best possible experience. Learn more