| Saturday, 7th September 2024, 5:55 pm

ബി.എന്‍.എസില്‍ സംശയമുന്നയിച്ച നിയമവിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: ഛത്തീസ്ഗഢില്‍ നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തതായാണ് യുവതിയുടെ പരാതി. ചന്ദ്രമണി ശര്‍മയാണ് അറസ്റ്റിലായത്.

22 കാരിയുടെ പരാതിയില്‍ മന പൊലീസാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 64, 351(2) പ്രകാരമാണ് മന പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തത്.

രണ്ട് മാസത്തിലധികമായി വിദ്യാര്‍ത്ഥിനിയും പ്രതിയും പരിചയക്കാരാണ്. നിയമപഠനത്തിന്റെ ഭാഗമായി പൊലീസ് കോണ്‍സ്റ്റബിളില്‍ നിന്ന് പലപ്പോഴായും വിദ്യാര്‍ത്ഥിനി വിവരങ്ങള്‍ തേടിയിരുന്നു.

പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്)യുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ചറിയുന്നതിനായാണ് യുവതി പ്രതിയെ സമീപിച്ചത്. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടത്.

സെപ്റ്റംബര്‍ നാല്, അഞ്ച് ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിലും വീട്ടിലും വെച്ച് പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി മന പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ഭവേഷ് ഗൗതം പറഞ്ഞു. ഇയാള്‍ പൊലീസ് അക്കാദമിയില്‍ നിയമിക്കപ്പെട്ട കോണ്‍സ്റ്റബിളാണെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് മന പൊലീസ് അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് ഒമ്പതിനാണ് പി.ജി വിഭാഗം വിദ്യാര്‍ത്ഥിയായ 31കാരി ക്രൂര പീഡനത്തിനിരയായി ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെടുന്നത്. ഇതിനുപിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുള്‍പ്പെടെ പശ്ചിമ ബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളിയാഴ്ച സുല്‍ത്താന്‍പുരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ വളപ്പില്‍ വെച്ച് പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 45 കാരനായ അധ്യാപകനെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂളിലെ ഫിസിക്കല്‍ ട്രെയിനിങ്ങിന് നിയോഗിച്ച താത്ക്കാലിക അധ്യാപകന്‍ ആയിരുന്നു ഇയാള്‍.

ഇതിനുപുറമെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ തിരക്കേറിയ റോഡില്‍ വെച്ച് യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. വഴിയാത്രക്കാര്‍ യുവതിയെ സംരക്ഷിക്കുന്നതിന് പകരം ലൈംഗികാതിക്രമം ഫോണില്‍ ചിത്രീകരിക്കുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

Content Highlight: Constable arrested for physical abused law student who raised suspicion in BNS

We use cookies to give you the best possible experience. Learn more