വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കെ അധികാരം നിലനിര്‍ത്താന്‍ ട്രംപ് പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നുവോ എന്ന ആശങ്കയില്‍ ലോകം.
അടുത്ത ഒരു മാസം കൂടി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാണെന്നിരിക്കെ നിലവിലെ അധികാരങ്ങള്‍ ഉപയോഗിച്ച് അട്ടിമറി നീക്കങ്ങള്‍ക്ക് ട്രംപ് ശ്രമം നടത്തുന്നുണ്ടോ എന്നതാണ് അന്തരാഷ്ട്ര തലത്തില്‍ ഉയരുന്ന ചര്‍ച്ചയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഗൂഢാലോചനയ്ക്ക് പേരുകേട്ട അഭിഭാഷക സിഡ്‌നി പവല്‍, പുറത്താക്കപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന്‍ എന്നിവര്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയതിന് പിന്നാലെയാണ് ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടോ എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമാകുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി പുറത്തു നിന്നുള്ളവരെ ഓവല്‍ ഓഫീസില്‍ എത്തിച്ചാണ് ട്രംപ് പ്രധാനമായും ചര്‍ച്ചകള്‍ നടത്തുന്നത് എന്നതാണ് ആശങ്കയ്ക്ക് കാരണമായി സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കുന്നുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന വാദം ട്രംപ് തുടരെ ആവര്‍ത്തിക്കുന്നുണ്ട്.
വൈറ്റ് ഹൗസിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോഴും ട്രംപ് പ്രവര്‍ത്തിക്കുന്നത്.
തോല്‍വി അംഗീകരിക്കാന്‍ അദ്ദേഹമിനിയും തയ്യാറായിട്ടില്ല. വൈറ്റ് ഹൗസിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയ സ്റ്റീവ് ബാനന്‍ ഞായറാഴ്ച ട്രംപിനോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ കൗണ്‍സിലിനെ നിയമിക്കാന്‍ ഉപദേശിച്ചിരുന്നു.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം സ്ഥിരം ഉയര്‍ത്തുന്ന അഭിഭാഷകയാണ് സിഡ്‌നി പവല്‍. ട്രംപിനോട് വോട്ടിങ്ങ് മെഷിനുകള്‍ കണ്ടുകെട്ടി അന്വേഷണം നടത്തണമെന്ന് ഇവര്‍ ഉപദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കി നടത്തിയ യോഗത്തില്‍ സിഡ്‌നി പവല്‍ പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. സ്‌പെഷ്യല്‍ കൗണ്‍സില്‍ അന്വേഷണത്തിന് പിന്തുണ നല്‍കുന്നയാളാണ് സിഡ്‌നി പവലും.
ഈ സാഹചര്യത്തിലാണ് അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ അട്ടിമറി നീക്കങ്ങള്‍ നടന്നേക്കുമോ എന്ന തരത്തില്‍ അന്തരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്.