| Tuesday, 3rd September 2024, 9:39 am

തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന; അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്ത് വിടണം: വി.എസ് സുനിൽ കുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽ കുമാർ.

പൂരം അലങ്കോലപ്പെട്ട സമയത്ത് തന്നെ പൊലീസിന് ഇതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞിരുന്നെന്നും അതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അന്ന് തന്നെ ഞാൻ ആരോപിച്ച വിഷയമാണത്. ഞാൻ അതിൽ ഉറച്ച് നിൽക്കുകയാണ്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. കാരണം പകൽ പൂരം നടത്തിയപ്പോൾ ഒരു പരാതിയുമുണ്ടായിരുന്നില്ല. പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞപ്പോൾ തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകൾ പൊലീസിനൊപ്പം സെൽഫി വരെ എടുത്തിരുന്നു.

ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ രാത്രിയായപ്പോൾ പൂരത്തിന്റെ മേളം നിർത്തി വെപ്പിക്കുക ,വെടിക്കെട്ട് നിർത്തിവെക്കാൻ പറയുക, ലൈറ്റ് ഓഫ് ചെയ്യുക തുടങ്ങിയ നാടകീയമായ നിലപാടുകൾ ഉണ്ടായി. അതുവരെയും പൂരത്തിന്റെ ഒരു ചടങ്ങുകളിലും പങ്കെടുക്കാതിരുന്ന ബി.ജെ.പി സ്ഥാനാർഥി ആർ.എസ്.എസ് നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നത് സംശയം ഉളവാക്കുന്നതാണ്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി ബി.ജെ.പിക്ക് ജയിക്കാനുള്ള കളമൊരുക്കിയത് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പി.വി. അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു. പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍ അന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പൂരം നടത്തിപ്പില്‍ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു എന്ന് അന്നു തന്നെ ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണങ്ങളുണ്ടായിരുന്നു . അത് ഗൂഢാലോചനായിയിരുന്നു എന്നാണ് ഇപ്പോള്‍ വി.എസ്. സുനില്‍ കുമാറും ആരോപിക്കുന്നത്.

Content Highlight: Conspiracy probe report on Thrissur Pooram should be released soon: VS Sunil Kumar

We use cookies to give you the best possible experience. Learn more