കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഡാലോചന നടന്നത് സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കെ.പി കുഞ്ഞനന്തന്റെ നേതൃത്വത്തിലെന്ന് ടി.കെ രജീഷ്. പോലീസിന് നല്‍കിയ മൊഴിയിലാണ് രജീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
“”ടി.പിയെ നിരീക്ഷിക്കാന്‍ കുട്ടുവിനെ ഏര്‍പ്പാടാക്കിയിരുന്നു. കുട്ടുവിന്റെ നിര്‍ദ്ദേശപ്രകാരം മെയ് 4 ന് രാത്രി 7 മണിക്ക് ഓര്‍ക്കാട്ടേരിയില്‍ എത്തിയിരുന്നു. ടി.പി ബൈക്കിലെത്തുമെന്ന് വിവരം തന്നത് കുട്ടുവായിരുന്നു.
ഇതേതുടര്‍ന്നാണ് വള്ളിക്കാട് എത്തി അക്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന ഷാഫിയാണ് ടി.പിയെ കൂടുതല്‍ തവണ വെട്ടിയത്. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഞാന്‍ ബോംബെറിഞ്ഞു.
ടി.പിയെ കൊല്ലാനുള്ള ഗൂഡാലോചന നടന്നത് സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം പി.പി രാമകൃഷ്ണന്റെ വീട്ടിലാണ്. കെ.സി രാമകൃഷ്ണനും വീട്ടിലുണ്ടായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 4 തവണ ടി.പി യെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.
കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രന്‍, കൊടി സുനി, മനോജ് എന്നിവരോടൊപ്പമായിരുന്നു വധശ്രമം. എന്നാല്‍ നാല് തവണയും ശ്രമം പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് ആയുധങ്ങള്‍ പി.പി രാമകൃഷ്ണന് കൈമാറി. പിന്നീട് കഴിഞ്ഞ ഏപ്രിലിലാണ് കൊലപാതകം വീണ്ടും ആസൂത്രണം ചെയ്തത്””.-രജീഷ് വ്യക്തമാക്കി.
രജീഷിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 22 വരെയാണ് റിമാന്‍ഡ്. കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു.
തിരിച്ചറിയല്‍ പരേഡിന് ഹാജരേക്കേണ്ടതിനാല്‍ മുഖം മറച്ചാണ് രജീഷിനെ ഇന്ന് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രജീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടില്ല. രജീഷിനെ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് വടകര കോടതി പരിസരത്ത് തടിച്ചുകൂടിയത്. കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ക്വട്ടേഷനായി ഏറ്റെടുത്ത് നടത്തിയതല്ലെന്നും പാര്‍ട്ടി നിര്‍ദേശാനുസരണം നടത്തിയതാണെന്നും രജീഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധം ഉള്‍പ്പെടെ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളില്‍ രജീഷ് നേരിട്ട് പങ്കെടുത്തതായും പോലീസിനു മൊഴി നല്‍കിയിരുന്നു.
സിപിഎം നേതൃത്വം ആവശ്യപെട്ടതുകൊണ്ടാണു ചന്ദ്രശേഖരനെ വധിച്ചതെന്നും ഒരിക്കലും താനൊരു ക്വട്ടേഷന്‍ സംഘത്തലവനല്ലെന്നും യാത്രാ ചെലവിനായി 15,000 രൂപ മാത്രമാണ് താനിതുവരെ തന്നെ ചുമതലപെടുത്തിയവരില്‍ നിന്നും വാങ്ങിയതെന്നും രജീഷ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.