കഠ്‌വ ഹര്‍ത്താലില്‍ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി; 'ചിലര്‍ അതില്‍ വീണു'
Kerala News
കഠ്‌വ ഹര്‍ത്താലില്‍ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി; 'ചിലര്‍ അതില്‍ വീണു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th April 2018, 6:52 pm

തിരുവനന്തപുരം: കഠ്‌വ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിലൂടെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. ചിലര്‍ അതില്‍ വീണു. വര്‍ഗീയതയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

സോഷ്യല്‍മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനായ കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഹര്‍ത്താല്‍ ഗൂഢാലോചന അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജോഷി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.ബി.വി.പി പ്രവര്‍ത്തകനായ സൗരവിനെ പിടികൂടിയത്.

വോയ്സ് ഓഫ് യൂത്തിന്റെ ആറാം പതിപ്പിന്റെ അഡ്മിനാണ് ആറ്റിങ്ങലിലെ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥിയായ സൗരവ്. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും സൗരവിനെയും പ്രതിയാക്കും. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ് ചെയ്തു.

Read more: ദല്‍ഹി സര്‍ക്കാരിനെ പോലെ മോദി ജുഡീഷ്യറിയെയും കൈകാര്യം ചെയ്യുകയാണെന്ന് കെജ്‌രിവാള്‍

കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മഞ്ചേരിയില്‍ പിടിയിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

നേരത്തെ അറസ്റ്റിലായ അമര്‍നാഥ് ബൈജുവിന്റെ സഹപാഠിയാണ് സൗരവ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹര്‍ത്താല്‍ സംബന്ധിച്ച ഗൂഢാലോചന പുറത്ത് വരുന്നത്. കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തത്. സംഘപരിവാറുകരായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാതലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.