ലഖ്നോ: യു.പിയിലെ ലുലു മാളിലുണ്ടായ നമസ്‌കാര വിവാദം ഗൂഢാലോചനയെന്ന് സംശയിക്കുന്ന തെളിവുകള്‍ പുറത്ത്. മാള്‍ അധികൃതര്‍ പൊലീസിന് കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളിലാണ് വിവാദം ആസൂത്രതമാണോ എന്നുള്ള സംശയം ഉയരുന്നത്.
എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.
തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.
ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നു(കഅ്ബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുക, ഇവര്‍ വിപരീത ദിശയിലാണ് നമസ്‌കരിച്ചിരിക്കുന്നത്).
ഈ സംഘത്തിലുള്ളവരാണ് സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച വീഡിയോ ചിത്രീകരണച്ചതെന്നും കാണാവുന്നതാണ്. ഈ സംശയങ്ങളാണ് നമസ്‌കാര വിവാദം ആസൂത്രണമാണെന്നുള്ള നിഗമനത്തിലേക്ക് എത്തുന്നത്.
യു.പിയിലെ ഏറ്റവും വലിയ മാള്‍ തിങ്കളാഴ്ചയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഔദ്യോഗികമായി തുറന്നുകൊടുത്തത്. തുറന്നതിന്റെ രണ്ടാം ദിവസമാണ് മാളിനുള്ളില്‍ ഒരു സംഘം ആളുകള്‍ നമസ്‌കരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇതിന് പിന്നാലെ വീഡിയോയില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ മുസ്‌ലിങ്ങളെ മാളില്‍ പ്രാര്‍ഥിക്കാന്‍ അനുവദിച്ചാല്‍, തങ്ങള്‍ക്ക് അവിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. മാളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 80 ശതമാനം മുസ് ലിംകളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ മാള്‍ മാനേജ്മെന്റ് പരാതി രജിസ്റ്റര്‍ ചെയ്യുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
CONTENT HIGHLIGHTS: Conspiracy happened in UP Lulu mal? Namaz completed in seconds by misdirection, video taken by bystanders