കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ വാട്‌സ്ആപ്പില്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെയും മുസ്‌ലിം ലീഗ് പാര്‍ട്ടിക്കെതിരെയും ഗുരുതരമായ ഗൂഢാലോചന നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദിനെയും, കോഴിക്കോട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്‌നാസ് ചോറോടിനെയും, തളിപ്പറമ്പ് നിയോജക മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് മാണിയൂറിനെയും സസ്‌പെന്‍ഡ് ചെയ്തതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഒ.കെ ജാസിര്‍, വൈസ് പ്രസിഡന്റ് ആസിഫ് ചപ്പരപടവ്, തളിപ്പറമ്പ് എം.എസ്.എഫ് പ്രസിഡന്റ് ഇര്‍ഫാന്‍ എന്നിവരെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കിയതായും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് അറിയിച്ചു.
കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയായി ആസിഫ് കമാലിന് ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി റഊഫിനാണ് കോഴിക്കോട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി സാദിഖ് പറാടിനെയും, തളിപ്പറമ്പ് നിയോജന മണ്ഡലം എം.എസ്.എഫ് പ്രസിഡന്റായി സഫ്വാന്‍ കുറ്റിക്കോലിനേയും ചുമതലപ്പെടുത്തി.
ഹരിത വിവാദ സമയത്ത് പി.കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നേരത്തെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീല്‍, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: conspiracy against party; Mass suspension in MSF