ന്യൂദല്‍ഹി: ലോക് ഡൗണിന് ശേഷം വ്യവസായങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ പിന്തുടരേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.
ആദ്യത്തെ ആഴ്ച ട്രയല്‍ റണ്ണായോ ടെസ്റ്റ് റണ്‍ ആയോ വേണം പരിഗണിക്കേണ്ടതെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ വ്യവസായങ്ങള്‍ ഉയര്‍ന്ന ഉത്പാദന ശേഷി ലക്ഷ്യമിടരുതെന്നും നിര്‍ദ്ദേശമുണ്ട്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ കെമിക്കല്‍ പ്ലാന്റില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെയാണ് ലോക് ഡൗണിന് ശേഷം പുനരാരംഭിക്കുമ്പോള്‍ ഫാക്ടറികള്‍ കൈക്കൊള്ളേണ്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം വ്യക്തമാക്കിയത്.
മുന്‍കരുതലുകള്‍ എടുത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരിസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികള്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തണം.
ഫാക്ടറിയിലും പരിസരത്തും 24 മണിക്കൂറും ശുചിത്വം പാലിക്കണം. ഓരോ രണ്ട്- മൂന്ന് മണിക്കൂറിലും പതിവായി ശുചീകരണം നടത്തണം. ഭക്ഷണം കഴിക്കുന്ന മുറിയും പൊതുവായി ഉപയോഗിക്കുന്ന മേശകളും സ്ഥലങ്ങളും ഓരോ തവണ ഉപയോഗം കഴിയുമ്പോഴും വൃത്തിയാക്കണം.
ഏതെങ്കിലും ഒരു തൊഴിലാളിക്ക് കൊവിഡ് കണ്ടെത്തിയാല്‍ അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികള്‍ ഒരുക്കേണ്ടതുണ്ട്.
തുടര്‍ന്ന് മുഴവന്‍ ജീവനക്കാരേയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ എച്ച്.ആര്‍. നടപ്പാക്കണം.
മുഴുവന്‍ ഉല്‍പാദന ശേഷിയില്‍ 24 * 7 പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള പ്ലാന്റുകള്‍ ഒഴികെ ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നു. മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് 33 ശതമാനം ശേഷിയില്‍ ഒരു ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.