| Wednesday, 9th June 2021, 7:59 am

ലിവിംഗ് ടുഗെദര്‍ അംഗീകരിക്കാനാവില്ല; പക്ഷെ കമിതാക്കള്‍ക്കു സംരക്ഷണം കൊടുക്കണം; വീണ്ടും നിലപാടില്‍ മാറ്റം വരുത്തി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന കമിതാക്കള്‍ക്കു സംരക്ഷണം നല്‍കണമെന്നു പൊലീസിന് നിര്‍ദേശം നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു കമിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയുമായെത്തിയ കമിതാക്കളിലെ സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നുമാണു ജീവനും സ്വത്തിനുമെതിരെ ഭീഷണിയുയരുന്നതെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണു ഇവര്‍ക്കു സംരക്ഷണം നല്‍കാന്‍ ഫരീദ്‌കോട്ട് എസ്.എസ്.പിയ്ക്കു കോടതി നിര്‍ദേശം നല്‍കിയത്.

അതേസമയം സംരക്ഷണം നല്‍കാനുള്ള ഉത്തരവ് പരാതിക്കാരുടെ ബന്ധത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി കണക്കാകാനാകില്ലെന്ന് ജസ്റ്റിസ് വിവേക് പുരി അറിയിച്ചു. നേരത്തെയും ലിവിംഗ് ടുഗെദര്‍ ബന്ധത്തെ അംഗീകരിച്ചുകൊണ്ടും അല്ലാതെയും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വന്നിരുന്നു.

ലിവിംഗ് ടുഗെദര്‍ കുറ്റകരമായി കണക്കാക്കാനാവില്ലെന്നാണു മറ്റൊരു കേസില്‍ കോടതി പറഞ്ഞത്. ജസ്റ്റിസ് സുധിര്‍ മിത്തലാണു പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്നു അദ്ദേഹം പറഞ്ഞു.

ഒരുമിച്ചു ജീവിക്കുന്നതിനു സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച കമിതാക്കള്‍ക്കു സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.

ഇരുവരുടേയും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിംഗ് ടുഗദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗെദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു.

നേരത്തെ ലിവിംഗ് ടുഗെദര്‍ അനുവദിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പറഞ്ഞിരുന്നു. ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവര്‍ തങ്ങള്‍ ഒരുമിച്ചു താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞു നല്‍കിയ ഹരജിയിലായിരുന്നു കോടതി പരാമര്‍ശം.

ഗുല്‍സ കുമാരിയുടെ ബന്ധുക്കളില്‍ നിന്നു ഇവര്‍ക്കു ഭീഷണിയുള്ളതായും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തില്‍ ഹരജി സമര്‍പ്പിച്ചവര്‍ ഉദ്ദേശിക്കുന്നതു അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണെന്നും അതു ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും പറഞ്ഞ കോടതി ഹരജിയില്‍ ഒരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു. ജസ്റ്റിസ് എച്ച്.എസ്. മദാന്റെയായിരുന്നു ഉത്തരവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Consider protection plea of live -in couple: HC to Faridkot Police

Latest Stories

We use cookies to give you the best possible experience. Learn more