പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി
Daily News
പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2016, 6:35 pm

milk
ന്യൂദല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിനുള്ള നിയമം കര്‍ശനമാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

രാസവസ്തുക്കള്‍ പാലില്‍ ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന വിധത്തില്‍ 2006ലെ ഭക്ഷ്യ സുരക്ഷാ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

മായം ചേര്‍ക്കല്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച 2013-2014 വര്‍ഷങ്ങളിലെ സുപ്രീം കോടതി ഉത്തരവുകള്‍ പരിശോധിച്ച കോടതി, കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരുന്നകാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

പാലില്‍ മായം കലര്‍ത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി മുമ്പും നിയമ ഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാലും പാല്‍ ഉല്‍പ്പന്നങ്ങളും നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഭക്ഷ്യ വസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

പാലില്‍ മാരകമായ രാസവസ്തുക്കള്‍ കലര്‍ത്തുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

ഭക്ഷ്യ സുരക്ഷാനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നടത്തിയ പഠനത്തില്‍ രാജ്യത്ത് വില്‍ക്കപ്പെടുന്നതില്‍ 68.4 ശതമാനവും രാസവസ്തുക്കള്‍ കലര്‍ത്തിയ പാലാണെന്ന് കണ്ടെത്തിയിരുന്നു.

ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം.